യാങ്കൂണ്‍- മൃതദേഹം സംസ്‌കരിക്കാനെത്തുന്നവരെപ്പോലും വെറുതെവിടാതെ മ്യാന്‍മര്‍ സൈന്യം നടത്തു നരനായാട്ടില്‍ രണ്ടു ദിവസത്തിനിടെ മരണം 114. ശനിയാഴ്ച പട്ടാളം വെടിവെച്ചുകൊന്ന ഒരാളുടെ മൃതദേഹം സംസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെയാണ് ബാഗോയില്‍ സൈന്യം വീണ്ടും വെടിയുതിര്‍ത്തത്. ജീവാപായം എത്രയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറി നടത്തിയ ശേഷമുള്ള ഏറ്റവും രക്തരൂഷിതമായ ദിനങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിക്കുന്നത്. സായുധസേനാദിനമായ ശനിയാഴ്ചയാണ് ലോകത്തെ നടുക്കിയ കൂട്ടക്കൊലയുണ്ടായത്. വിവിധ നഗരങ്ങളില്‍ നടന്ന വെടിവെപ്പില്‍ 114 പേരാണ് മരിച്ചത്.
മൃതദേഹ സംസ്‌കാരത്തിന് മുമ്പ് വിപ്ലവഗാനം ആലപിക്കുതിനിടെ പെട്ടെന്ന് സൈന്യം കടന്നുവരികയും വിവേചനമില്ലാതെ വെടിവെക്കുകയുമായിരുന്നെന്ന് ആയെ എന്ന വനിത റോയിട്ടേഴ്‌സിനോട് പറഞ്ഞു. 20കാരനായ വിദ്യാര്‍ഥി മൗങ് മൗങ്ങിന്റെ സംസ്‌കാരത്തിനിടെയാണ് സംഭവം. വെടിവെപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ ചിതറിയോടിയെന്നും എന്നിട്ടും വെടി തുടര്‍ന്നെന്നും അവര്‍ പറഞ്ഞു.
ശനിയാഴ്ച വിവിധ നഗരങ്ങളില്‍ നട വെടിവെപ്പില്‍ പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള ആറ് കുട്ടികളാണ് മരിച്ചത്. വീണുപോയ നക്ഷത്രങ്ങള്‍ എന്ന് വിളിച്ച് ഇവര്‍ക്കായി ആദരമര്‍പ്പിക്കുകയാണ് പ്രക്ഷോഭകര്‍.