കായല്‍പട്ടണം- മുസ്‌ലിം ലീഗും സി.പി.എമ്മും ബദ്ധവൈരികളാണെന്നാണ് വെപ്പ്. പണ്ടു കാലത്ത് ഇ.എം.എസ് മന്ത്രിസഭയില്‍ ലീഗ് ഘടകകക്ഷിയായിരുന്നു. ലീഗില്‍ നിന്ന് പിണങ്ങിപ്പോയ ഓരോ കഷ്ണങ്ങള്‍ ചിലപ്പോഴൊക്കെ സി.പി.എമ്മിന് ഒപ്പമുണ്ടാവാറുണ്ട്.. അഖിലേന്ത്യാ ലീഗ്, നാഷണല്‍ ലീഗ് എന്നിത്യാദി പേരുകളില്‍. എന്നാല്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിനെ സി.പി.എം അടുപ്പിക്കാറില്ല. മലബാറില്‍ പലേടത്തും കോണ്‍ഗ്രസിനേക്കാള്‍ സി.പി.എമ്മിന് തലവേദനയുണ്ടാക്കുന്നത് മുസ്‌ലിം ലീഗ് അണികളാണ്. കേരളത്തില്‍ ശത്രുക്കളാണെങ്കിലും കേരള വിട്ടാല്‍ ലീഗും സി.പി.എമ്മും കണ്ടാല്‍ മിണ്ടാത്ത പ്രശ്‌നമില്ല. തൊട്ടടുത്ത തമിഴുനാട്ടില്‍ രണ്ടു പാര്‍ട്ടികളും ഡി.എം.കെ മുന്നണിയിലാണ്. ഡി.എം.കെ സഖ്യം വിജയിക്കുമെന്നാണ് പ്രീ പോള്‍ സര്‍വേകളില്‍ തെളിഞ്ഞത്. ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോണ്‍ഗ്രസും മുസ്‌ലിം ലീഗും സിപിഎമ്മും. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ കോണി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിപിഎമ്മുകാര്‍ പ്രകടനം നടത്തിയത്.
ഈ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് മുദ്രാവാക്യം. പ്രകടനത്തില്‍ പങ്കെടുക്കുന്നവരുടെ കൈവശമുള്ളതാകട്ടെ ചെങ്കൊടിയും. ചെങ്കൊടി പിടിച്ച് മുസ്‌ലിം ലീഗിന് വോട്ട് ചോദിക്കുന്നതാണ് വീഡിയോ.