ടെസ്‍ല കാറുകൾ ബിറ്റ്കോയിൻ ഉപയോഗിച്ചും വാങ്ങാം. കമ്പനിയുടെ തലവൻ എലൺ മസ്ക് ട്വിറ്ററിലെ ഒരു ഒറ്റവരി സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "യൂ കാൻ നൌ ബയ് എ ടെസ്‍ല വിത്ത് ബിറ്റ്കോയിൻ" എന്നായിരുന്നു മസ്കിന്റെ സന്ദേശം. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ഇവയുടെ ഉപയോഗം ഇപ്പോൾ വ്യാപകമായി വരുന്നുണ്ട്.
ലോകത്തിലെ സമ്പന്നർക്കിടയിൽ വ്യാപകമായി ഈ 'ബദൽ കറൻസി' പ്രചാരത്തിലുണ്ട്. ഇതാദ്യമായാണ് ഒരു വാഹനനിർമാതാവ് തങ്ങളുടെ ഉൽപന്നം ബിറ്റ്കോയിനിൽ വാങ്ങാൻ കിട്ടുമെന്ന് പ്രഖ്യാപിക്കുന്നത്. ലോകത്തിലെ പ്രമുഖരായ കാർനിർമാതാക്കളാരും തന്നെ ഈ ഇടത്തിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല.
ബിറ്റ്കോയിൻ രൂപത്തിൽ ലഭിക്കുന്ന കറൻസി തങ്ങൾ സാധാരണ കറൻസിയിലേക്ക് മാറ്റില്ലെന്നും എലൺ മസ്ക് പറയുന്നു. അതെസമയം ബിറ്റ്കോയിനിൽ ടെസ്‍ല വാങ്ങാൻ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനിയും കാത്തിരിക്കേണ്ടതായി വരും. തുടക്കത്തിൽ യുഎസ്സിൽ മാത്രമാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ഭാവിയിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. 2021 അവസാനത്തോടെ ഒരുപക്ഷെ, ഇത് സംഭവിച്ചേക്കും.
ഈ വർഷത്തിന്റെ തുടക്കത്തിലാണ് ബിറ്റ്കോയിൻ മേഖലയിലേക്കുള്ള തങ്ങളുടെ കടന്നുവരവിനെക്കുറിച്ച് ടെസ്‍ല ആദ്യമായി സൂചിപ്പിക്കുന്നത്. 1.4 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ബിറ്റ്കോയിൻ സ്വന്തമാക്കിക്കൊണ്ടായിരുന്നു ഇത്.