ആഗ്ര- ഉത്തർപ്രദേശിലെ ആഗ്രഹയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കം മധ്യസ്ഥ ശ്രമത്തിലൂടെ തീർപ്പാക്കാൻ പോയ സബ് ഇൻസ്പെക്ടറെ സഹോദരങ്ങളിൽ ഒരാൾ വെടിവച്ചു കൊലപ്പെടുത്തി. സഹോദരങ്ങൾ തമ്മിലുള്ള തർക്കം സംബന്ധിച്ച് ഖട്ടൌളി പൊലീസ് സ്റ്റേഷനിൽ ഒരു പരാതി വന്നിരുന്നു. വിശ്വനാഥ് എന്നയാൾക്കെതിരെ അയാളുടെ സഹോദരൻ നൽകിയതായിരുന്നു പരാതി. ഉരുളക്കിഴങ്ങ് വിളവെടുപ്പ് സംബന്ധിച്ചാണ് തർക്കമുണ്ടായത്. സ്ഥലത്തേക്ക് സബ് ഇൻസ്പെക്ടർ പ്രശാന്ത് യാദവും മറ്റ് പൊലീസുകാരും കടന്നുവന്നപ്പോൾ വിശ്വനാഥ് ഓടി. പിന്നാലെ പൊലീസുകാരും ഓടി. ഈ സമയത്താണ് തന്റെ കൈയിലുള്ള നാടൻ തോക്കുപയോഗിച്ച് വിശ്വനാഥ് വെടിവെച്ചത്. പൊലീസിന് ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പൊലീസുകാരന്റെ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദുഃഖം രേഖപ്പെടുത്തി. 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരു റോഡിന് കൊല്ലപ്പെട്ട പൊലീസുകാരന്റെ പേരിടുമെന്നും അദ്ദേഹം പറഞ്ഞു.