കാർ നിർമാതാക്കൾ കൺസെപ്റ്റായി അവതരിപ്പിക്കുന്ന മോഡലുകൾ അതേപടി യാഥാർത്ഥ്യമാകാറില്ല. വിപണി യാഥാർത്ഥ്യങ്ങൾ അവയിലെ അലങ്കാരങ്ങളെ നീക്കം ചെയ്യാൻ നിർബന്ധിതരാക്കുന്നു. എന്നിരിക്കിലും ഒരു കാർ നിർമാതാവും തങ്ങളവതരിപ്പിക്കുന്ന മോഡലിന്റെ കൺസെപ്റ്റിൽ ഒന്നിനുമൊരു കുറവ് വരുത്താറുമില്ല. ഈ വഴിക്കാണ് തങ്ങളുടെ സഞ്ചാരമെന്ന് ഉറപ്പിക്കുന്നതിനാണ് കൺസെപ്റ്റുകൾ ഉപയോഗിക്കപ്പെടാറ്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള വാഹനപ്രേമികൾ ആവേശത്തോടെ ചർച്ച ചെയ്തതും ഒരു കൺസെപ്റ്റ് കാറിനെക്കുറിച്ചായിരുന്നു. ടൊയോട്ടയുടെ ചെറുകാർ കൺസെപ്റ്റായ ആയ്ഗോ എക്സ് പ്രോലോഗ് ക്രോസോവർ ആയിരുന്നു അത്. എൻട്രി ലെവൽ കാറുകളിൽ ഇത്രകണ്ടൊക്കെ ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതിലേക്കും ഈ കൺസെപ്റ്റ് ചില സൂചനകൾ നൽകുന്നുണ്ട്.
ലോകമെങ്ങും എൻട്രി ലെവൽ കാറുകൾക്ക് വന്നുകൊണ്ടിരിക്കുന്ന ഡിമാൻഡ് വർധന ശ്രദ്ധേയമാണ്. വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യ, ബ്രസീൽ, ഇന്തോനീഷ്യ തുടങ്ങിയ വിപണികളിൽ മാത്രമല്ല, വികസിത വിപണികളിലും ചെറുകാറുകൾക്ക് വലിയ പ്രിയം വന്നു തുടങ്ങിയിരിക്കുന്നു. തിരക്കേറിയ ട്രാഫിക്കുകളിലെ കൈകാര്യക്ഷമതയും മറ്റും ഇത്തരം കാറുകൾ തെരഞ്ഞെടുക്കുന്നതിന് സമ്പന്നരെയും പ്രേരിപ്പിക്കുന്നു.
എൻട്രി ലെവൽ കാറുകളിൽ കയറിക്കൂടിക്കൊണ്ടിരിക്കുന്ന ചില ശിൽപപരമായ പ്രവണതകളെ കൂടുതൽ ധ്വനിപ്പിക്കുന്നുണ്ട് ഈ കൺസെപ്റ്റ് ക്രോസ്സോവർ. ഇത്രയധികം മസിൽപിടുത്തം ചെറുകാറുകളിൽ നിങ്ങൾ കണ്ടിരിക്കില്ല. മുന്നിൽ നിന്നുള്ള കാഴ്ചയിൽ തന്നെ ടൊയോട്ട ഡിസൈനർമാരുടെ ലാക്ക് പിടികിട്ടും. വിശാലമായ ഗ്രില്ലും വശങ്ങളിൽ ജിമ്മന്മാരുടെ തോളുകൾ പോലെ ഉയർന്നു നിൽക്കുന്ന വീൽ ആർച്ചുകളും വാഹനത്തിന്റെ മസിലൻ സൌന്ദര്യം കൂട്ടുന്നു.
മുമ്പിൽ ആദ്യം കണ്ണിൽപ്പെടുക കാറിന്റെ ഹെഡ്‍ലാമ്പുകൾ തന്നെയാണ്. ഇതോടൊപ്പം ഗ്രില്ലിനു താഴെയായി ചേർന്നു നിൽക്കുന്ന ഫോഗ് ലാമ്പുകളും ശ്രദ്ധേയങ്ങളാണ്. യൂറോപ്പിനു വേണ്ടിയാണ് ആയ്ഗോ പ്രോലോഗ് എക്സിന്റെ ഡിസൈനിങ് നടന്നത്. എൻട്രി ലെവൽ മേഖലയിൽ കടുത്ത മത്സരം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എങ്കിലും ഈ കാറിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശസാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ.