ന്യൂദല്‍ഹി- വരന്റെ കുടുംബം സ്ത്രീധനം ആവശ്യപ്പെടുന്ന വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കരുതെന്ന് അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (എ.ഐ.എം.പി.എല്‍.ബി) പള്ളി ഇമാമുമാരോട് നിര്‍ദ്ദേശിച്ചു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 23 കാരിയായ യുവതി ആത്മഹത്യ ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പേഴ്‌സണല്‍ ലോ ബോര്‍ഡ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഇതിനകം പ്രചരണം ആരംഭിച്ചതായും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടന്‍ ആരംഭിക്കുമെന്നും ലോ ബോര്‍ഡ് അറിയിച്ചു.
വിവാഹത്തില്‍ സ്ത്രീധനത്തനു നിര്‍ബന്ധിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഉലമാക്കളും ഖാസിമാരും പങ്കെടുക്കില്ലെന്നാണ് തീീരുമാനമെന്നും പെണ്‍മക്കളുടെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും പെഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി.
വിവാഹങ്ങള്‍ ലളിതമാക്കാനും അനാവശ്യ ചടങ്ങുകളും ആചാരങ്ങളും തടയുന്നതിനുമുള്ള കാമ്പയിനാണ് എഐഎംപിഎല്‍ബിയുടെ സാമൂഹ്യ പരിഷ്‌കരണ സമിതി ആരംഭിച്ചത്.
വിവാഹങ്ങള്‍ ലളിതവും സൗകര്യപ്രദവും എളുപ്പവുമാക്കാന്‍ സംഘടന സമൂഹത്തോട് ആവശ്യപ്പെടുന്നു. വലിയ ഹോട്ടലുകളിലും വിലയേറിയ വിവാഹ ഹാളുകളിലും മുസ്ലിംകള്‍ വിവാഹ ചടങ്ങുകള്‍ നടത്തരുത്. അനാവശ്യ ആചാരങ്ങള്‍ ഒഴിവാക്കി നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കണമെന്നും ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രകാരം ഭാര്യമാരോട് നല്ല രീതിയില്‍ പെരുമാറണമെന്നും വിജയവും സമൃദ്ധിയും കൈവരിക്കണമെന്നും എ ഐ എം പി എല്‍ ബി പ്രസിഡന്റ് മൗലാന മുഹമ്മദ് റാബെ ഹസനി നദ് വി പറഞ്ഞു.