Sorry, you need to enable JavaScript to visit this website.

വോട്ട് ചോദിച്ചു ചെന്ന വീട്ടിലെ തുണി അലക്കിക്കൊടുത്ത് അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി

നാഗപട്ടണം- നിയമസഭാ തെരഞ്ഞെടുപ്പു പ്രചരണം കൊഴുക്കുന്ന തമിഴ്നാട്ടിൽ വോട്ടർമാരെ കൈയിലെടുക്കാൻ സ്ഥാനാർത്ഥികൾ ചെയ്തുകൂട്ടുന്ന വിചിത്രമായ ഇനങ്ങളിലേക്ക് ഒരിനം കൂടി. വോട്ടർമാരുടെ വസ്ത്രം അലക്കൽ പരിപാടിയും സ്ഥാനാർത്ഥികൾ ഏറ്റെടുത്തിരിക്കുകയാണ്. നാഗപട്ടണം അസംബ്ലി മണ്ഡലത്തിലാണ് സംഭവം. സ്ഥലത്തെ ഭരണകക്ഷി സ്ഥാനാർത്ഥിയായ ടി കതിരവൻ വോട്ടഭ്യർത്ഥിച്ച് നടക്കുകയായിരുന്നു. വണ്ടിപ്പേട്ടയിൽ ഓരോ വീട്ടിലും കയറി വോട്ടഭ്യർത്ഥിക്കുന്നതിനിടയിലാണ് ഒരു സ്ത്രീ അലക്കിക്കൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.

താനൊരു സേവനമനോഭാവമുള്ള എംഎൽഎ ആയിരിക്കുമെന്നത് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള അവസരം കതിരവൻ മുന്നിൽക്കണ്ടു. ആ സ്ത്രീയോട് വസ്ത്രങ്ങൾ താൻ അലക്കാമെന്ന് അഭ്യർത്ഥിച്ചു. സ്ത്രീ സമ്മതിച്ചില്ല. കതിരവൻ നിർബന്ധിച്ചു. ഗതികെട്ട സ്ത്രീ വസ്ത്രങ്ങൾ കതിരവന് നൽകി മാറി നിന്നു. കതിരവൻ നിലത്തിരുന്ന് എല്ലാ വസ്ത്രങ്ങളും അലക്കിവെളുപ്പിച്ചു. 

തങ്ങളുടെ 'അമ്മ സർക്കാർ' അധികാരത്തിൽ തിരിച്ചെത്തിയാൽ എല്ലാ വീടുകളിലേക്കും വാഷിങ്മെഷീനുകൾ നൽകുമെന്ന് കതിരവൻ വ്യക്തമാക്കി. സ്ത്രീകൾക്ക് ഇനിമേൽ കൈകൾ വേദനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇക്കാര്യം ബോധിപ്പിക്കാനാണ് പ്രതീകാത്മകമായി തുണിയലക്കിയതെന്നും കതിരവൻ വ്യക്തമാക്കി. എഐഎഡിഎംകെയുടെ നാഗപട്ടണം ടൌൺ സെക്രട്ടറിയാണ് കരിരവൻ. ഇതാദ്യമായാണ് കതിരവൻ മത്സര രംഗത്തിറങ്ങുന്നത്.

Latest News