മുംബൈ- അച്ഛന്‍ എഴുതിത്തള്ളിയ മകളായിരുന്നു നടി കങ്കണ റണാവത്ത്. നാല് തവണ ദേശീയ ഫിലിം അവാര്‍ഡ് നേടിയ നടിയുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന് ആശ്വാസവും അഭിമാനവുമുണ്ടാകാന്‍ വര്‍ഷങ്ങളെടുത്തു.
തീപ്പൊരി പ്രസ്താവനകളിലൂടെ കങ്കണ ഇപ്പോഴും വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നുണ്ട്. നടിയുടെ ജീവിതത്തില്‍ ഇതൊരു പുതിയ സംഭവമല്ലെന്നും കൗമാര കാലത്തുതന്നെ റിബലായാണ് വളര്‍ന്നിരുന്നതെന്നും അച്ഛനു പോലും വിട്ടുകൊടുത്തിട്ടില്ലെന്നും കങ്കണ അനുസ്മരിക്കുന്നു.
സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കത്തതിന് പിതാവ് അമര്‍ദീപ് റണാവത്ത് തന്റെ മുഖത്തിടിച്ചിട്ടുണ്ടെന്ന് കങ്കണ പറഞ്ഞിട്ടുണ്ട്. ഇനി എന്നെ അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്ന കങ്കണയുടെ പ്രഖ്യാപനത്തോടെയാണ് ബന്ധം വഷളായത്. കങ്കണക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് പോലും പിതാവ് പറഞ്ഞിരുന്നു.
ജീവിതം ഒരുപാട് മാറ്റം വരുത്തി. വേണ്ടായിരുന്നുവെന്ന് എഴുതിത്തള്ളിയ പെണ്‍കുട്ടിയില്‍ കുടുംബം അഭിമാനം കൊള്ളുന്ന കാലം വന്നു. നാലാമത്തെ ദേശീയ പുരസ്‌കാരം അത് വാനോളമുയര്‍ത്തി.
അച്ഛന് തന്നെയൊരു മികച്ച ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ത്താല്‍ ഒന്നാന്തരം പപ്പയായി എന്നാണ് അദ്ദേഹം കരുതിയിരുന്നത്. സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ അച്ഛന്‍ എന്നെ അടിച്ചു. ഞാന്‍ ആ കൈ പിടിച്ചു കൊണ്ടുപറഞ്ഞു. ഇനി എന്നെ അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും. ഇതായിരുന്നു കങ്കണയുടെ ട്വീറ്റ്.
പത്താം വയസ്സില്‍ മകന്‍ മരിച്ചതിനുശേഷം ജനിച്ച മൂത്ത സഹോദരി റംഗോളിയെ ആയിരുന്നു അച്ഛനും അമ്മയ്ക്കും കാര്യം. രണ്ടാമത്തെ മകളായി ജനിച്ച തന്നെ അവര്‍ കണിക്കിലെടുത്തില്ലെന്നാണ് കങ്കണ പറഞ്ഞിരുന്നത്.
മുറിവുകള്‍ ഉണങ്ങിയശേഷം അച്ഛനോടൊപ്പമുള്ള സന്തോഷത്തിന്റെ അപൂര്‍വ നിമിഷം കഴിഞ്ഞ വര്‍ഷം കങ്കണ പങ്കുവെച്ചിരുന്നു.