കൊല്‍ക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമായ പശ്ചിമ ബംഗാളിലെ ആദിവാസി ജില്ലയായ ജാര്‍ഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ചല്‍ കമ്മിറ്റി അംഗം ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
പിന്ദ്ര ഗ്രാമത്തിലെ ദുര്‍ഗ സോറനെ (50) ഞായറാഴ്ച വൈകുന്നേരം അയല്‍പ്രദേശമായ നെതുറ ബസാര്‍ പ്രദേശത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടന്‍ തന്നെ ജാര്‍ഗ്രാം സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സോറന്റെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുംശേഷം മാത്രമേ മരണകാരണം അറിയാനാകൂയെന്നും പോലീസ് പറഞ്ഞു.
നെതുറ ബസാര്‍ പ്രദേശത്ത് മറ്റൊരാളെ പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു. ഇയാള്‍തലയ്ക്ക് പരിക്കേറ്റതായി ജ്യേഷ്ഠന്‍ പറഞ്ഞു.
മരണവാര്‍ത്ത പ്രചരിച്ചതോടെ നെതുറ, പിന്ദ്ര പ്രദേശങ്ങള്‍ സംഘര്‍ഷാവസ്ഥയിലാണ്. ടി.എം.സിയും ബി.ജെ.പിയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ സോറന്റെ ഭാര്യയെ അപമാനിക്കുകയും പ്രതിഷേധിച്ചപ്പോള്‍ അദ്ദേഹത്തെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നു പ്രദേശത്ത് പ്രചാരണത്തിനെത്തിയ ടി.എം.സി നേതാവ് ദെബാംഗ്ഷു ഭട്ടാചാര്യ ആശുപത്രിയിലെത്തി പറഞ്ഞു.
ഉത്തര്‍പ്രദേശിലും ബീഹാറിലും ഇത്തരം സംഭവങ്ങള്‍ക്ക് കേട്ടുകള്‍വിയുണ്ടെങ്കിലും ഇപ്പോള്‍ പശ്ചിമ ബംഗാളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന് ഭട്ടാചാര്യ കുറ്റപ്പെടുത്തി.
നിര്‍ഭാഗ്യകരമായ സംഭവവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജാര്‍ഗ്രാം ജില്ലാ പ്രസിഡന്റ് തുഫാന്‍ മഹാത്തോ മാധ്യമങ്ങളോട് പറഞ്ഞു.