ഇസ്ലാമാബാദ്- മോശമായി പെരുമാറിയ മത പണ്ഡിതനെ അടിക്കുന്ന വിഡിയോയിലൂടെ വിവാദം സൃഷ്ടിച്ച പാക്കിസ്ഥാനിലെ ടിക് ടോക്ക് താരം ഹരീം ഷാ വീണ്ടും വാര്‍ത്തകളില്‍. കാമുകനും തന്റെ പഴയ കൂട്ടുകാരിയും ചേര്‍ന്ന് താമസ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചുവെന്ന് 36 കാരി പോലീസില്‍ പരാതി നല്‍കി. പഴയ കൂട്ടുകാരി ആയിഷ നാസ്, കാമുകന്‍ ബഹാദൂര്‍ ഷേര്‍ അഫ്രീദി എന്നിവര്‍ മര്‍ദിച്ചുവെന്ന ഹരീം ഷായുടെ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി ഗോര്‍ല പോലീസ് അറിയിച്ചു. ഫിസാ ഹുസൈന്‍ എന്നാണ് ഹരീം ഷായുടെ യഥര്‍ഥ പേര്.
റാസ വെബ് സീരിസ് നായികയായ ഹരീം ഷാ ഷൂട്ടിംഗിനായി കറാച്ചിയില്‍നിന്ന് ഇസ്ലാമാബാദില്‍ എത്തിയപ്പോള്‍ ഫ് ളാറ്റില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചുവെന്നാണ് പരാതി. ബഹളംവെച്ചപ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും ഹരീം പോലീസിനെ അറിയിച്ചു. ബഹദൂര്‍ ഷേര്‍ അഫ്രീദി മദ്യപിച്ച നിലയിലായിരുന്നുവെന്നും ആയിഷ തന്റെ രഹസ്യ വിഡിയോകളും രേഖകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹരീം ഷാ പറഞ്ഞു. ഫെഡറല്‍ അന്വേഷണ ഏജന്‍സി (എഫ്.ഐ.എ) യുടെ സൈബര്‍ ക്രൈം വിംഗിന്റെ സഹായവും തേടിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ വിവാദ മതപണ്ഡിതന്‍ മുഫ്തി അബ്ദുല്‍ ഖാവിയുടെ മുഖത്തടിച്ചുവെന്ന തലക്കെട്ടില്‍ ഹരീം ഷാ ഇന്‍സ്റ്റഗാമില്‍ പുറത്തുവിട്ട വിഡിയോ ഈ വര്‍ഷാദ്യം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
താന്‍ ചായ കുടിക്കുമ്പോള്‍ രണ്ട് പെണ്‍കുട്ടികള്‍ വന്ന് മുഖത്തടിച്ച ശേഷം ഒന്നോ രണ്ടോ മിനിറ്റിനകം രക്ഷപ്പെട്ടുവെന്നാണ് മുഫ്തി പ്രതകരിച്ചിരുന്നത്. എത്രതന്നെ കൂട്ടുകൂടാന്‍ ശ്രമിച്ചാലും ഒരു പാമ്പ് പാമ്പ് തന്നെയായിരിക്കുമെന്നും അദ്ദേഹം ടിക്ക്‌ടോക്കറെ അപലപിച്ചുകൊണ്ട് പറഞ്ഞിരുന്നു. ടിക് ടോക്കില്‍ 50 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഹരീം ഉര്‍ദുഫഌക്‌സ് വെബ് സീരീസിലുടെയാണ് അഭിനയ രംഗത്തെത്തിയത്.