Sorry, you need to enable JavaScript to visit this website.

ഏലത്തിന് സുവർണ കാലം വരുന്നു

റമദാൻ ഓർഡറുകൾ മുൻനിർത്തി ഏലക്ക സംഭരണത്തിനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര വിദേശ വ്യാപാരികൾ. ഓഫ് സീസണിലെ വിലക്കയറ്റത്തെ ഉറ്റുനോക്കുകയാണ്. ഇന്ത്യയിലും ഗ്വാട്ടിമലയിലും ഏലം ഉൽപാദനം കുറഞ്ഞതിനാൽ വിലയിൽ വൻ കുതിച്ചുചാട്ടത്തിന് ഇടയുണ്ട്. ആഗോള തലത്തിൽ ഏലത്തിന് ഏറ്റവും കൂടുതൽ ഡിമാന്റ് അനുഭവപ്പെടുക റമദാൻ വേളയിലാണ്. അറബ് രാജ്യങ്ങളാണ് ഈ കാലയളവിൽ കൂടുതലായി  ഏലക്ക ശേഖരിക്കുന്നത്.  ഗ്വാട്ടിമാലയിൽ വിളവെടുപ്പ് വൈകിയതും ഉൽപാദനം കുറഞ്ഞതും ബുൾ തരംഗം സൃഷ്ടിച്ചു. ഇന്ത്യൻ വിലയെ അപേക്ഷിച്ച് ഏതാണ്ട് 30 ശതമാനം അവിടെ നിരക്ക് ഉയർന്നു. സാധാരണ നമ്മുടെ വിലയിലും താഴ്ത്തിയാണ് അവർ ഏലം ഇറക്കുന്നത്. പുതിയ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മുന്നിലുള്ള മാസങ്ങൾ ഇന്ത്യൻ ഏലത്തിനും സുവർണ കാലമാവും. ഏപ്രിൽ മധ്യത്തോടെയാണ് റമദാന്റെ തുടക്കം. സൗദി അറേബ്യൻ എട്ട് എം എം വലിപ്പമുള്ള ഏലക്കയാണ് ശേഖരിക്കുന്നത്. ജനുവരി വരെ മഴ ലഭ്യമായത് ഹൈറേഞ്ചിലെ തോട്ടങ്ങൾക്ക് ആശ്വാസം പകർന്നങ്കിലും നിലവിലെ കനത്ത ചൂട് താങ്ങാനാവാത്ത അവസ്ഥയിലാണ് പല തോട്ടങ്ങളും. വാരാന്ത്യം ഏലക്ക കിലോ 1930 രൂപയിലാണ്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ വില 3000 രൂപക്ക് മുകളിലായിരുന്നു. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേലത്തിൽ താൽപര്യം കാണിച്ചു. 


ഒരു മാസം കൊണ്ട് കുരുമുളക് വില ക്വിൻറ്റലിന് 4000 രൂപ ഉയർന്നു. സംസ്ഥാനത്ത് വിളവെടുപ്പ് വൈകിയതും ഉൽപാദന കുറവും ഡിമാന്റ് ഉയർത്തി. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ ഉൽപാദനം ചുരുങ്ങുമെന്ന അവസ്ഥയാണ്. ഇന്ത്യൻ മാർക്കറ്റിന്റെ അടിയൊഴുക്ക് ശക്തമായതോടെ വിയറ്റ്‌നാം നിരക്ക് ഉയർത്തി. ഇതിന്റെ ചുവട് പിടിച്ച് ഇന്തോനേഷ്യയും ബ്രസീലും ശ്രീലങ്കയും ഉയർന്ന വില ആവശ്യപ്പെട്ടു.  ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5300 ഡോളറിൽ നിന്ന് 5500 ലേക്ക് കയറി. വിയറ്റ്‌നാം 3300 ഡോളറിൽ നിന്ന് 3900 ലേക്ക് ക്വട്ടേഷൻ നിരക്ക് ഉയർത്തി, ഇന്തോനേഷ്യ 4300 ഡോളറും ബ്രസീൽ 4200 ഡോളറും മുളകിന് ആവശ്യപ്പെട്ടു. ഹോളി ആഘോഷം മുന്നിൽ കണ്ട് ഉത്തരേന്ത്യക്കാർ കുരുമുളക് ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ കുരുമുളക് ഗാർബിൾഡ് 36,900 രൂപയിൽ നിന്ന് 38,500 രൂപയായി. ആഗോള വിപണിയുടെ ചലനങ്ങൾ കണക്കിലെടുത്താൽ നിരക്ക് കിലോ 420 രൂപ വരെ ഉയരാം.   


മധ്യകേരളത്തിലെ തോട്ടങ്ങളിൽ കുംഭച്ചൂടിൽ മൂത്ത് വിളയുകയാണ് ജാതിക്ക. പുതിയ ചരക്ക് വരവിനെ പ്രതീക്ഷകളോടെയാണ് വ്യവസായികളും കയറ്റുമതിക്കാരും ഉറ്റുനോക്കുന്നത്. ഇന്ത്യൻ ജാതിക്കയുടെയും ജാതിപത്രിയുടെയും സ്ഥിതിഗതികൾ ഇറക്കുമതി രാജ്യങ്ങളും ആരായുന്നുണ്ട്. പുതിയ ഉൽപന്നം കരുതലോടെ നീക്കിയാൽ മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. 
രാജ്യാന്തര റബർ വിപണിയിലെ സാങ്കേതിക തിരുത്തൽ ഇന്ത്യൻ മാർക്കറ്റിനെ തളർത്തി. 17,000 രൂപയിൽ നിന്ന് നാലാം ഗ്രേഡ് വാരാന്ത്യം 16,800 രൂപയായി. ബാങ്കോക്കിൽ മൂന്നാം ഗ്രേഡ് റബർ വില 17,446 രൂപയിൽ നിന്ന് 16,927 ലേക്ക് താഴ്ന്നു. ഓഫ് സീസണായതിനാൽ കൊച്ചിയിലും കോട്ടയത്തും കാര്യമായി ഷീറ്റ് വിൽപനക്ക് എത്തുന്നില്ല.   ദക്ഷിണേന്ത്യയിൽ നാളികേര വിളവെടുപ്പ് പുരോഗമിച്ചെങ്കിലും തേങ്ങയുടെ ലഭ്യത കുറവാണ്. കൊപ്രക്ക് ഉൽപാദകരുടെ പ്രതീക്ഷക്ക് ഒത്ത് ആവശ്യക്കാരില്ല. വൻകിട മില്ലുകാർ എണ്ണ വില ഉയർത്താൻ ഉത്സാഹിച്ചങ്കിലും കൊപ്രയിൽ താൽപര്യം കാണിച്ചില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 20,350 രൂപയിൽ നിന്ന് 20,650 രൂപയായി. കൊപ്ര വില 13,650 രൂപ. 


സ്വർണ വില തുടർച്ചയായ രണ്ടാം വാരത്തിലും ഉയർന്നു. പവൻ 33,600 നിന്ന് 33,800 രൂപയായി. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1727 ഡോളറിൽ നിന്ന് 1745 ഡോളറായി.  

Latest News