ന്യൂദൽഹി- ലോകവിഖ്യാതരായ രണ്ട് അക്കാദമീഷ്യൻമാർ സർവകലാശാലയിൽ നിന്നും പിരിഞ്ഞുപോകാൻ ഇടയായതിൽ ചില 'വീഴ്ചകൾ' സംഭവിച്ചതായി അശോക സർവകലാശാല. മോഡി സർക്കാരിന്റെ അനിഷ്ടം കാരണം ഈ സ്വകാര്യ സർവകലാശാലയിൽ നിന്നുണ്ടായ സമ്മർദ്ദമാണ് ഇവിടെ മുതിർന്ന അധ്യാപകരായിരുന്ന പ്രതാപ് ഭാനു മേത്ത, അർവിന്ദ് സുബ്രഹ്മണ്യം എന്നിവരുടെ രാജിയിലേക്ക് നയിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ ലോകമെമ്പാടുമുള്ള അക്കാദമിക ബുദ്ധിജീവികൾ സർവകലാശാലയ്ക്കെതിരെ രംഗത്തു വന്നിരുന്നു. മേത്ത മുൻ വിസി കൂടിയാണ്.
കേന്ദ്ര സർക്കാരിന്റെ അനിഷ്ടമാണ് പ്രതാപ് ഭാനു മേത്തയുടെ രാജിക്ക് കാരണമായത്. മേത്ത ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിലെഴുതുന്ന ലേഖനങ്ങൾ കേന്ദ്രത്തെ വിമർശിക്കുന്നതായിരുന്നു. കേന്ദ്രത്തിന്റെയും ബിജെപിയുടെയും അമർഷം സർവകലാശാലാ ട്രസ്റ്റിമാരിലൂടെയാണ് പുറത്തു വന്നത്. ലേഖനങ്ങളെഴുതുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യമുയർന്നതോടെ മേത്ത ആദ്യം വിസി പദവി ഒഴിയുകയും പിന്നീട് ഫാക്കൽറ്റി സ്ഥാനം രാജി വെക്കുകയും ചെയ്തു. പിന്നാലെ കേന്ദ്ര സർക്കാരിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യവും രാജി വെച്ചു. ഇതോടെ സർവകലാശാല പ്രതിസന്ധിയിലായി.
സ്ഥാപനപരമായ പിഴവുകൾ നീക്കാൻ ബന്ധപ്പെട്ട എല്ലാവരുമായും തങ്ങൾ ചർച്ച നടത്തി വരികയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും സർവകലാശാല ചാൻസലറും വൈസ് ചാൻസലറും ഒപ്പിട്ട പ്രസ്താവന പറയുന്നു. 2019 ജൂലൈ മാസത്തിലാണ് സർവകലാശാലയുടെ വൈസ് ചാൻസലർ പദവി മേത്ത ഒഴിഞ്ഞത്. പിന്നീട് ഫാക്കൽറ്റിയായി തുടർന്നു. ഈ പദവിയും അദ്ദേഹം ചൊവ്വാഴ്ച രാജി വെച്ചു. സർവകലാശാലയുമായുള്ള ബന്ധം 'രാഷ്ട്രീയ ബാധ്യത' ആയിത്തീരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടുദിവസം കഴിഞ്ഞപ്പോൾ അർവിന്ദ് സുബ്രഹ്മണ്യനും രാജി സമർപ്പിച്ചു. മേത്ത രാജിവെക്കേണ്ടി വന്നതിലുള്ള പ്രതിഷേധപ്രകടനമാണിതെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
ലോകമെമ്പാടു നിന്നും ഇരുവർക്കും ഐക്യദാർഢ്യവുമായി അക്കാദമിക ബുദ്ധിജീവികളെത്തി. ഹാർവാർഡ്, ഓക്സ്ഫോഡ്, ബ്രോൺ, മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സർവകലാശാലകളിലെ വിഖ്യാതരായ ബുദ്ധിജീവികൾ അശോക സർവകലാശാലയുടെ നീക്കത്തെ നിശിതമായി വിമർശിച്ച് പ്രസ്താവനയിറക്കിയതും അക്കാദമിക് രംഗത്ത് അശോക സർവകലാശാലയ്ക്ക് കളങ്കമായി. ഹരിയാനയിലെ സോനിപത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലയാണിത്.