എല്ലാ മാസവും 100 കോടി പിരിക്കണം; മഹാരാഷ്ട്രയില്‍ ബി.ജെ.പി പ്രതിഷേധം

മുംബൈ- എല്ലാ മാസവും 100 കോടി രൂപ പിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെക്കമണെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം.
മുംബൈയിലെ വിവിധ സ്ഥലങ്ങള്‍ക്ക് പുറമെ നാഗ്പൂരിലും ബിജെപി പ്രതിഷേധ പ്രകടനം നടത്തി. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് നാഗ്പൂര്‍ സ്വദേശിയാണ്. ആഭ്യന്തര മന്ത്രിയുടെ നാഗ്പൂരിലെ വസതിക്ക് പുറത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുമ്ട്.
കോവിഡ് വര്‍ധന കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയാണ് പ്രതിഷേധ പരിപാടികള്‍.
ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അഴിമതിക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച്  മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്തെഴുതിയതിനെ തുടര്‍ന്നാണ് വിവാദം.  സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍  സച്ചിന്‍ വാസിനോട് പ്രതിമാസം 100 കോടി രൂപ സ്വരൂപിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരംബിര്‍ സിംഗ് വെളിപ്പെടുത്തിയത്.
പരം ബിര്‍ സിംഗിനെ മുംബൈ പോലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് സ്ഥലം മാറ്റിയതായി ദേശ്മുഖ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ആരോപണം ഉന്നയിച്ചത്.
ഗുരുതരമായ വീഴ്ചകള്‍ കാരണം നടപടികളില്‍ നിന്നും രക്ഷപെടാനുള്ള സിങ്ങിന്റെ ശ്രമത്തിന്റെ ഫലമാണ് ഇത് എന്ന് മന്ത്രി അനില്‍ ദേശ്മുഖ് ആരോപിച്ചു.
മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെതുടര്‍ന്ന് സ്ഥലം മാറ്റം ഉണ്ടായി മൂന്നാം ദിവസമാണ് ഇത്തരത്തില്‍ ആരോപണം അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. അഴിമതി, കൊള്ള, പോലീസ് അന്വേഷണത്തില്‍ ഇടപെടല്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ കത്ത്.

 

Latest News