റിയാദ്- വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന നടത്തുന്നതിന് നഗരസഭകൾക്ക് മുനിസിപ്പൽ മന്ത്രാലയം നിർദേശം നൽകി. തൊഴിലാളികളുടെ താമസ സ്ഥലങ്ങളായി ഉപയോഗിക്കുന്ന പോർട്ടോ കാബിനുകളും വ്യവസ്ഥകൾക്ക് വിരുദ്ധമായി കെട്ടിടങ്ങൾക്ക് മുകളിൽ നിർമിച്ച ഷെഡുകളും നീക്കം ചെയ്യാൻ മന്ത്രാലയം നിർദേശിച്ചു. ജനവാസ കേന്ദ്രങ്ങളിലുള്ള തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വ്യവസ്ഥകൾ പൂർണമാണെന്ന് ഉറപ്പു വരുത്തണം. വ്യവസ്ഥകൾ പൂർണമല്ലാത്ത കെട്ടിടങ്ങളിൽ അവ നടപ്പാക്കണം. തൊഴിലാളികളുടെ താമസ സ്ഥലങ്ങൾക്ക് ബാധകമായ ആരോഗ്യ വ്യവസ്ഥകൾ ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങളുമായി സഹകരിച്ച് മുനിസിപ്പൽ മന്ത്രാലയം തയാറാക്കി.
സിവിൽ ഡിഫൻസുമായി സഹകരിച്ചാണ് തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധനകൾ നടത്തേണ്ടതെന്ന് നഗരസഭകളോട് മുനിസിപ്പൽ മന്ത്രാലയം ആവശ്യപ്പെട്ടു. താമസ സ്ഥലങ്ങളിൽ നിയമ വിരുദ്ധ നിർമ്മാണങ്ങൾ താമസക്കാരുടെ ജീവന് ഭീഷണിയാകുന്ന അഗ്നിബാധകൾക്ക് ഇടയാക്കും. കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിക്കുന്ന പോർട്ടോ കാബിനുകളിലും ഷെഡുകളിലും അഗ്നിബാധ ആവർത്തിക്കാതെ നോക്കി എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പരിശോധനകളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ബാച്ചിലേഴ്സ് ആയ തൊഴിലാളികളെ പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾ നിർമിക്കുന്നതിനും വാടകക്കെടുക്കുന്നതിനും നഗരസഭയിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിന് കെട്ടിടങ്ങളുടെ ടെറസുകൾ വാടകക്ക് നൽകരുതെന്നും വ്യവസ്ഥയുണ്ട്. തൊഴിലാളികൾക്ക് ആരോഗ്യകരമായ താമസ സ്ഥലം ലഭ്യമാക്കുന്നതിനാണ് ഈ വ്യവസ്ഥകളിലൂടെ മുനിസിപ്പൽ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ആധാര്‍ കാര്‍ഡിനായി പ്രവാസികള്‍ക്ക് നെട്ടോട്ടം വേണ്ട
അതേസമയം, പത്തൊമ്പതു ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ പതിനാലിന് അവസാനിച്ചിരുന്നു. നവംബർ പതിനഞ്ചു മുതൽ നിയമ ലംഘകർക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ റെയ്ഡ് ആരംഭിച്ചു. നവംബർ പതിനഞ്ചു മുതൽ ഡിസംബർ മൂന്നു വരെയുള്ള ദിവസങ്ങളിൽ 1,46,819 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 83,575 പേർ ഇഖാമ നിയമ ലംഘകരും 39,498 പേർ തൊഴിൽ നിയമ ലംഘകരും 23,746 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്.
ഇക്കാലയളവിൽ അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞു കയറുന്നതിന് ശ്രമിച്ച 1,766 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇവരിൽ 79 ശതമാനം പേർ യെമനികളും 20 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. നുഴഞ്ഞു കയറ്റക്കാരിൽ 876 പേരെ നാടു കടത്തി. പത്തൊമ്പതു ദിവസത്തിനിടെ സൗദിയിൽ നിന്ന് അതിർത്തി വഴി അനധികൃതമായി വിദേശങ്ങളിലേക്ക് കടക്കുന്നതിന് ശ്രമിച്ച 36 പേരെയും സുരക്ഷാ സൈനികർ പിടികൂടി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് അഭയവും ജോലിയും യാത്രാ സൗകര്യവും മറ്റും നൽകിയ 416 വിദേശികളെയും 67 സൗദി പൗരന്മാരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. ശിക്ഷാ നടപടികൾ സ്വീകരിച്ച് 45 സൗദി പൗരന്മാരെ വിട്ടയച്ചു. 22 സൗദി പൗരന്മാർക്കെതിരായ നടപടികൾ പൂർത്തിയാക്കി വരികയാണ്. 12,139 പുരുഷന്മാരും 1,404 വനിതകളും അടക്കം 13,543 വിദേശികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു വരികയാണ്. 15,196 പേർക്ക് തത്സമയം ശിക്ഷകൾ ബാധകമാക്കി. യാത്രാ രേഖകൾക്ക് 17,642 പേരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. 17,357 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. 24,201 നിയമ ലംഘകരെ ഇതിനകം നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.