ആധാര്‍ കാര്‍ഡിനായി പ്രവാസികള്‍ക്ക് നെട്ടോട്ടം വേണ്ട 

ജിദ്ദ- ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രവാസികള്‍ക്ക് സേവനങ്ങള്‍ തടയപ്പെടില്ലെന്ന് ജിദ്ദ കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ നാട്ടില്‍ എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടുമെന്ന് പ്രവാസികള്‍ ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് വിശദീകരണം. 

ഇതു സംബന്ധിച്ച് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ കഴിഞ്ഞ മാസം 11 -ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 


ആധാര്‍ നിയമപ്രകാരം ആധാറിന് അര്‍ഹരായവരില്‍നിന്ന് മാത്രമേ വിവിധ സേവനങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. 2016 ലെ ആധാര്‍ നിയമപ്രകാരം പ്രവാസി ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആധാറിന് അര്‍ഹരല്ല. ഇതിനു പുറമെ, ആധര്‍ നമ്പര്‍ ഇല്ലാത്തവരില്‍നിന്ന് സബ്‌സിഡിക്കും സേവനങ്ങള്‍ക്കും മറ്റു തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കണമെന്നും ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് വ്യക്തമാക്കുന്നതായും സര്‍ക്കുലറില്‍ പറയുന്നു.

Latest News