Sorry, you need to enable JavaScript to visit this website.

സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍  നെറ്റിചുളിക്കുന്നത് കപട സദാചാരം- ടൊവിനോ തോമസ്

കൊച്ചി- സിനിമയിലെ ഇടപഴകല്‍ രംഗങ്ങള്‍ കാണുമ്പോള്‍ നെറ്റിചുളിയ്ക്കുന്നത് കപടസദാചാരമാണെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്ക് കയ്യടിക്കുന്നവര്‍ ഉമ്മ വയ്ക്കുമ്പോള്‍ മുഖം മൂടുന്നത് എന്തിനെന്ന് മനസിലാവുന്നില്ല. നായകനും നായികയും അടുത്തിടപിഴകുന്ന രംഗങ്ങളില്‍ നടീനടന്‍മാരെ മുറിയ്ക്കുള്ളിലാക്കി ക്യാമറ ഓണ്‍ ചെയ്ത് എന്തെങ്കിലും ചെയ്‌തോ എന്ന് പറഞ്ഞ് സംവിധായകന്‍ ഓടുകയല്ല. പത്തമ്പതു പേരുടെ മുന്നിലാണ് റൊമാന്റിക് രംഗങ്ങള്‍ ഷൂട്ടുചെയ്യുന്നത്. ഈ സമയത്ത് പ്രത്യേകം വികാരമൊന്നും തോന്നേണ്ടതില്ല. ലിപ്പ് ലോക്ക് രംഗങ്ങളും മറ്റും സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് ഭാര്യയ്ക്ക് കുഴപ്പമുണ്ടോയെന്നും മറ്റും അഭിമുഖങ്ങളില്‍ ചോദിയ്ക്കുന്നത് വിഢിത്തമാണെന്നും ടൊവിനോ പറഞ്ഞു. പുതിയ ചിത്രമായ കളയുടെ റിലീസുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു ടൊവിനോ.
നിയമസഭാ തെരഞ്ഞെടുപ്പടക്കം ഏതു തെരഞ്ഞെുപ്പുകളിലും വ്യക്തികളെ നോക്കിയാവും വോട്ടു ചെയ്യുക. മനസില്‍ ക്യത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാകാനില്ല. ഏതെങ്കിലും പാര്‍ട്ടിയോട് കൂടുതല്‍ സ്‌നേഹമോ വെറുപ്പോ ഇല്ല. ആരുടെയെങ്കിലും അടുപ്പക്കാരനോ എതിരാളിയോ ആവാന്‍ താല്‍പ്പര്യമില്ല. രാഷ്ട്രീയത്തില്‍ ഒതുങ്ങിക്കൂടിയാല്‍ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതാവും. ഡി.വൈ.എഫ്.ഐ വേദിയില്‍ സ്വന്തം നിലപാടാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടായതുകൊണ്ട് വേദിയില്‍ കയ്യടിയുണ്ടായി. കാര്യങ്ങള്‍ മനസിലാക്കാത്തവര്‍ എതിര്‍ക്കുന്നു. ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ മാതൃകയാക്കിയാല്‍ അവരുടേതാണ് ഉത്തരവാദിത്തം.സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാവാനും ഉണ്ടാവാതിരിയ്ക്കാനും സാധ്യതയുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടൊവിനോ മറുപടി പറഞ്ഞു.
സുഹൃത്തുകൂടിയായ സംവിധായകന്‍ അഖിലിന്റെ വോയ്‌സ് ക്ലിപ്പുകള്‍ മാത്രം കേട്ട് അഭിനയിക്കാന്‍ തീരുമാനമെടുത്ത സിനിമയാണ് കളയെന്ന് ടൊവിനോ പറഞ്ഞു. സംഘട്ടന രംഗങ്ങള്‍ക്ക് സിനിമയില്‍ ഏറെ പ്രധാന്യമുണ്ട്. ചിത്രീകരണത്തിനിടെ പരുക്കുപറ്റിയെങ്കിലും കൂടുതല്‍ തീവ്രമായ രംഗങ്ങളാണ് പരുക്കുകള്‍ ഭേദമായ ശേഷം ചിത്രീകരിച്ചത്. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങാത്തിനാല്‍ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സംഘട്ടന  രംഗങ്ങള്‍ക്കൊപ്പം ഇടപഴകല്‍ രംഗങ്ങളുമുണ്ടാവും. എന്നാല്‍ പൂര്‍ണ്ണമായും കുടുംബകഥയാണ് ചിത്രം പറയുന്നത് വയലന്‍സ് സെക്‌സ് രംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ ലൈംഗിക രംഗങ്ങളുടെ പേരിലല്ല എ സര്‍ട്ടിഫിക്കറ്റ്. എ സര്‍ട്ടിഫിക്കറ്റ് ആണെന്ന അമിത പ്രതീക്ഷയില്‍ സിനിമയ്ക്ക് വന്നാല്‍ തന്റെ കാലും തുടയുമൊക്കെ കണ്ടിട്ടുപോകേണ്ടി വരും. ടൊവിനൊ പറഞ്ഞു.
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള' 25 നാണ് റിലീസ് ചെയ്യുന്നത്.
 

Latest News