ആലപ്പുഴ- കുഞ്ചാക്കോ ബോബന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് നല്ല അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമ ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ജിസ് ജോയ്.
തന്റെ സഹോദരിയുടെ സ്ഥാനത്ത് കാണുന്ന വ്യക്തിയാണ് നടി അപര്‍ണ ബാലമുരളിയെന്ന് ജിസ് ജോയ് പറയുന്നു. എല്ലാ ദിവസവും വിളിക്കുകയും അവരുടെ വിശേഷങ്ങള്‍ പറയുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്ന തന്റെ സ്വന്തം സഹോദരിയാണ് അപര്‍ണയെന്നാണ് ജിസ് പറയുന്നത്.
ഒരു തരത്തിലും മാറിപ്പോയിട്ടില്ലാത്ത, ഒരു താരജാഡയും വന്നിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാവുന്ന കുട്ടിയാണ് അപര്‍ണയെന്നാണ് ജിസ് പറയുന്നത്. അപര്‍ണയില്‍ നിന്നും കണ്ടുപഠിച്ച ഒരു ക്വാളിറ്റിയെ കുറിച്ചും അഭിമുഖത്തില്‍ ജിസ് പറയുന്നു.
സണ്‍ഡേ ഹോളിഡെ എന്ന ചിത്രം എടുക്കുമ്പോള്‍ എന്റെ അസോസിയേറ്റ് എല്ലാവരോടും നാളെ ആറേമുക്കാല്‍ മണിക്ക് വരണമെന്ന് പറയും. എന്നാല്‍ ഒരു ദിവസം പോലും ഞാനോ ഈ മനുഷ്യനോ സെറ്റിലെ വേറെ ആരെങ്കിലുമോ ഈ പറഞ്ഞ ആറേമുക്കാല്‍ എന്ന സമയത്ത് വന്നിട്ടില്ല. ഏഴര എട്ട് മണിയാകുമ്പോഴേ എല്ലാവരും എത്തുകയുള്ളൂ.
പക്ഷേ ഈ കുട്ടി എല്ലാ ദിവസവും, സിനിമ തീരുന്നതുവരെ കൃത്യം ആറേമുക്കാലിന് സെറ്റിലെത്തും. പടംതീരാറായ ഒരു ദിവസം ഞങ്ങള്‍ ചോദിച്ചു, ആറേമുക്കാലിന് എത്തണമെന്ന് പറഞ്ഞാലും ഞങ്ങളൊക്കെ എട്ട് മണിക്കേ എത്തുള്ളൂവെന്ന് നിനക്ക് അറിയില്ലേ പിന്നെ എന്തിനാണ് ആറേമുക്കാലിന് എത്തുന്നതെന്ന് 'എന്നോട് പറഞ്ഞിരിക്കുന്നത് ആറേമുക്കാല്‍ അല്ലേ അപ്പോള്‍ ഞാന്‍ ആ സമയത്ത് തന്നെ വരും എന്നായിരുന്നു അപര്‍ണയുടെ മറുപടി. അത് ഒരാളുടെ ക്വാളിറ്റിയാണ്.