ന്യൂദല്‍ഹി- രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനാവില്ലെന്നും പകരം ഓരോ മതത്തിലെയും കുടുംബ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതിക്കു ശ്രമിക്കുമെന്നും കേന്ദ്ര ലോ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബല്‍ബീര്‍ സിംഗ് ചൗഹാന്‍ പറഞ്ഞു.
വ്യക്തി നിയമങ്ങള്‍ക്ക് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും അതുകൊണ്ട് തന്നെ ഏകീകൃത സിവില്‍ കോഡ് സാധ്യമല്ലെന്നുമാണ് അദ്ദേഹം സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഭരണഘടനയുടെ അന്തസ്സത്ത ചോദ്യം ചെയ്യുന്നതാകും ഏകീകൃത സിവില്‍ കോഡ്. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനാകുമോ എന്ന് കേന്ദ്ര നിയമ മന്ത്രാലയം കഴിഞ്ഞ വര്‍ഷം ലോ കമ്മീഷനോട് ആരാഞ്ഞിരുന്നു.
എകീകൃത നിയമത്തിനു പകരം വിവിധ വ്യക്തി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കാനാണ് 21 ാമത് ലോ കമ്മീഷന്‍ പദ്ധതിയിടുന്നത്. മുത്തലാഖിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനു പിന്നാലെയാണ് ഏക സിവില്‍ കോഡ് വാദം വീണ്ടും സജീവമായത്. ഭരണഘടനാ സംരക്ഷണമുള്ള വ്യക്തി നിയമങ്ങള്‍ ഒരിക്കലും എടുത്തു മാറ്റാനാകില്ലെന്ന് ജസ്റ്റിസ് ചൗഹാന്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നിര്‍ദേശം കമ്മീഷന്‍ പരിഗണിക്കുന്നേയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദു, മുസ്്‌ലിം, ക്രിസ്ത്യന്‍ നിയമങ്ങളിലെല്ലാം ഭേദഗതി ആവശ്യമാണ്. ഓരോ മതത്തിലെയും പ്രശ്‌നങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ലോ കമ്മീഷന്‍ പദ്ധതി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഇളവുകള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ വ്യക്തി നിയമങ്ങള്‍ ഉപേക്ഷിക്കാനാവില്ല.
മുത്തലാഖ് സംബന്ധിച്ച ചോദ്യത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞ വിഷയത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു മറുപടി. ഏക സിവില്‍ കോഡിന്റെ വിവിധ വശങ്ങളെ കുറിച്ച് കമ്മീഷന് അര ലക്ഷം പ്രതികരണങ്ങള്‍ ലഭിച്ചതായി ജസ്റ്റിസ് ചൗഹാന്‍ വെളിപ്പെടുത്തി. പരിശോധനയില്‍ ഇവയില്‍ ഭൂരിഭാഗവും മുത്തലാഖുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തി. പ്രശ്‌നത്തില്‍ സുപ്രീം കോടതി തീര്‍പ്പാക്കിയ സ്ഥിതിക്ക് ഇനി ഇതുകൊണ്ട് ഉപയോഗമില്ലെന്നും അദ്ദേഹം പറഞ്ഞു.