വാഷിങ്ടൻ- ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ വ്യക്തിയെന്ന പദവി ഇലൻ മസ്കിന് വീണ്ടും നഷ്ടമായി. ടെസ്ലയുടെ ഓഹരിവില ഇടിഞ്ഞതോടെയാണിത്. കഴിഞ്ഞദിവസം ടെസ്ല ഓഹരിവില 6.9 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ മസ്കിന്റെ സമ്പത്തിൽ നിന്ന് 11 ബില്യൺ ഡോളറാണ് ഒറ്റയടിക്ക് ഒലിച്ചുപോയത്. ആമസോണിന്റെ തലവൻ ജെഫ് ബെസോസാണ് എലൺ മസ്കിനെ പിന്തള്ളി വീണ്ടും മുമ്പിലെത്തിയിരിക്കുന്നത്.
സർക്കാർ ബോണ്ട് വിപണിയിലെ മാറ്റങ്ങളാണ് ഓഹരിവിപണിയിൽ ഇപ്പോൾ പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്. ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ സാങ്കേതികതയിലൂന്നി പ്രവർത്തിക്കുന്ന കമ്പനികളെല്ലാം തകർച്ചയെ നേരിടുന്നുണ്ട്. ഇലൻ മസ്കിന്റെ ഇപ്പോഴത്തെ ആസ്തി 169 ബില്യൺ ഡോളറാണ്. 182 ബില്യൺ ഡോളറിൽ നിന്നാണ് താഴേക്കുള്ള ഈ വീഴ്ച. മസ്കിനെ അപേക്ഷിച്ച് 8 ബില്യൺ ഡോളർ അധികം ആസ്തിയുണ്ട് ഇപ്പോൾ ജെഫ് ബെസോസിന്.
അതെസമയം മസ്ക് ഈ നിലയിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മസ്കിന്റെ ആസ്തിമൂല്യം 27 ബില്യൺ ഡോളറിലായിരുന്നു 2020ന്റെ തുടക്കത്തിൽ. പിന്നീട് ടെസ്ലയുടെ ഓഹരികളിൽ പെട്ടെന്നുണ്ടായ വർധനയിലൂടെയാണ് ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന ഖ്യാതി നേടിയത്. കഴിഞ്ഞ മൂന്നുവർഷമായി സമ്പന്നരുടെ പട്ടികയിൽ ആദ്യ പേരുകാരിലൊരാളായി നിൽക്കുന്നയാളാണ് ജെഫ് ബെസോസ്.