ചെന്നൈ- അണ്ണാ ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി പദവി വഹിക്കുന്നയാള്‍ വോട്ടര്‍മാര്‍ക്ക് നോട്ടുകള്‍ വിതരണം ചെയ്യുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പ്രചരിച്ചതോടെ ഭരണകക്ഷിയായ പാര്‍ട്ടി വെട്ടിലായി. പാര്‍ട്ടി അണികളിലാരോ എടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ അണ്ണാ ഡിഎംകെ വോട്ടിനായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണം വീണ്ടും ശക്തമായിരിക്കുകയാണ്. 500 രൂപയുടെ നോട്ടുകള്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ഇവിടെ എത്തിയ സ്ത്രീകള്‍ പണം സ്വീകരിക്കുന്നതിനു മുമ്പ് തങ്ങളുടെ വോട്ടര്‍ ഐഡി കാണിക്കുന്നുമുണ്ട്. ഒരു തവണ പണം വാങ്ങിയവര്‍ വീണ്ടും വാങ്ങരുതെന്ന് ഒരാള്‍ നിര്‍ദേശം നല്‍കുന്നതും കേള്‍ക്കാം.
ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ മത്സരിക്കുന്ന ചെന്നൈയിലെ ചെപോക്ക്-ട്രിപ്ലിക്കെയ്ന്‍ മണ്ഡലത്തിലാണ് സംഭവം. ഇവിടെ അണ്ണാ ഡിഎംകെയുടെ സഖ്യകക്ഷിയായ പിഎംകെയുടെ കസാലിയാണ് എതിര്‍ സ്ഥാനാര്‍ത്ഥി. വിഡിയോ പുറത്തു വന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനും പോലീസും നടപടി സ്വീകരിക്കണമെന്ന് ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറിയും എംപിയുമായ ആര്‍ എസ് ഭാരതി ആവശ്യപ്പെട്ടു. നേരത്തെ അണ്ണാ ഡിഎംകെ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെ വോട്ടിനു പണം വിതരണം ചെയ്യുന്നതായി ഭാരതി മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.