Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സർക്കാരിനെതിരെ സമരം ചെയ്ത യശ്വന്ത് സിൻഹയെ അറസ്റ്റ് ചെയ്തു; പിന്തുണയുമായി രണ്ട് മുഖ്യമന്ത്രിമാരും

മുംബൈ- മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹ സമരത്തിൽ. കർഷകരോടൊപ്പം സമരത്തിനെത്തിയ സിൻഹയെ കഴിഞ്ഞ ദിവസം അകോലയിൽ പോലീസ് കസ്റ്റഡിയിലെടുത്ത് ഒരു പോലീസ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. എന്നാൽ കർഷകരുടെ ആവശ്യം അംഗീകരിക്കാതെ ഇവിടെ നിന്നും താൻ ഇളകില്ലെന്ന കടുത്ത നിലപാടിലാണ് സിൻഹ. സ്വന്തം പാർട്ടി നയിക്കുന്ന സർക്കാരിനെതിരെ ന്യായമായ ആവശ്യത്തിന് സമരം ചെയ്യുന്ന സിൻഹയെ പിന്തുണച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരായ മമത ബാനർജിയും അരവിന്ദ് കേജ്രിവാളും രംഗത്തു വന്നു. ഇരുവരും പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു.

വിദർഭ മേഖലയിലെ കർഷകരോട് മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാർ ഉദാസീന നിലപാടാണെന്നും ഇതു മാറ്റണമെന്നുമാണ് സിൻഹയുടെ ആവശ്യം. 'സമരത്തിലുള്ള ഞങ്ങളെ എല്ലാവരേയും പോലീസ് ഗ്രൗണ്ടിൽ നിന്നും മോചിപ്പിച്ചതായി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ തന്നെ സമരം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പോലീസ് പിടികൂടി എവിടെ കൊണ്ടു പോയാലും കുഴപ്പമില്ല. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരും,' സിൻഹ പറഞ്ഞു.

കഴിഞ്ഞ ദിവസം പോലീസ് പിടികൂടി പൊലീസ് ഗ്രൗണ്ടിലേക്കു മാറ്റിയ 79കാരനായ സിൻഹ ഒരു മരക്കട്ടിലിൽ കിടന്നാണ് രാത്രി കഴിച്ചുകൂട്ടിയത്. കർഷകരാണ് സിൻഹയോടൊപ്പം സമരമുഖത്തുള്ളത്.

മുൻ കേന്ദ്ര മന്ത്രിയായ സിൻഹയെ അറസ്റ്റ് ചെയ്ത നടപടിയിൽ ആശങ്കയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു. കർഷകർക്കു വേണ്ടി സമരം ചെയ്യുന്ന സിൻഹയ്ക്ക പൂർണ പിന്തുണയുണ്ടെന്നും അവർ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് എംപി ദിനേസ് ത്രിവേദിയെ സിൻഹയെ സന്ദർശിക്കാൻ മമത അയക്കുകയും ചെയ്തു. സിൻഹയെ ഉടൻ മോചിപ്പിക്കണമെന്നായിരുന്നു ദൽഹി മുഖ്യമന്ത്രി കേജ്രിവാളിന്റെ ട്വീറ്റ്.
 

Latest News