പ്രീമിയം സൗന്ദര്യം ആവശ്യത്തിലധികമുണ്ടായിട്ടും ഇന്ത്യൻ വിപണിയിൽ തുടക്കകാലത്ത് ഏറെ പ്രയാസപ്പെടേണ്ടി വന്ന കാർ മോഡലാണ് സ്കോഡ ഒക്ടേവിയ. ലോറ എന്ന പേരിൽ വിപണിയിലെത്തുകയും പിന്നീട് പിൻവലിയുകയും വീണ്ടും ഒക്ടേവിയ എന്ന പേരിൽ പ്രവേശിക്കുകയുമെല്ലാം ചെയ്ത് ആകെ കൈവിട്ടുപോയ അവസ്ഥ. വാഹനപ്രേമികളെ സംബന്ധിച്ച് ഒക്ടേവിയുടെ വിപണി അസാന്നിധ്യം വലിയൊരു വിടവ് തന്നെയായിരുന്നു. പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഈ കുലീന സൗന്ദര്യത്തിന്റെ 2021 പതിപ്പ് നമ്മുടെ പാതകളിലൂടെ അധികം താമസിക്കാതെ ഓടിത്തുടങ്ങുമെന്നാണ്. ഊഹമല്ല, ഒക്ടേവിയയുടെ നാലാംതലമുറ പതിപ്പിന്റെ ലോഞ്ച് അടുത്തിരിക്കുന്നുവെന്ന് അറിയിച്ചത് സ്കോഡ സേൽസ് ഡയറക്ടർ സാക് ഹോളിസ് തന്നെയാണ്, ഒരു ട്വീറ്റിലൂടെ.
അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്കോഡ ഒക്ടേവിയയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തും. അതായത്, സ്കോഡ കുഷാഖ് എസ്‍യുവി വിപണി പിടിക്കുന്നതിനൊപ്പമോ, ഒരുപക്ഷെ, മുമ്പുതന്നെയോ ഈ വാഹനം നിരത്തിലിറങ്ങും. കുഷാഖ് വിപണിയിലെത്തുക ജൂൺ മാസത്തിലാണ്. 2021 മോഡൽ ഒക്ടേവിയയിൽ ഫോക്സ്‍വാഗൻ നിർമിച്ച 2.0 ലിറ്റർ ടിഎസ്ഐ ഡീസൽ എൻജിനായിരിക്കും ഘടിപ്പിക്കുക. 320 എൻഎം ടോർക്ക് ഉൽപാദിപ്പിക്കാൻ കഴിയുന്ന ഈ എൻജിന്റെ കരുത്ത് 190 കുതിരശക്തിയാണ്.
ഈ എൻജിനോടൊപ്പം ഒരു 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ചേർക്കുകയെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 100 കിമി വേഗം പിടിക്കാൻ വെറും 8 സെക്കൻഡുകൾ മാത്രമേ ഈ എൻജിന് വേണ്ടൂ. പെട്രോൾ എൻജിനും ഫോക്സ്‍വാഗനിൽ നിന്നുള്ളതായിരിക്കും. ഒരു 1.5 ലിറ്റർ എൻജിൻ. 150 കുതിരശക്തിയാണ് ഈ എൻജിനുള്ളത്.
പുതിയ സ്കോഡയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരീക്ഷണ ഓട്ടം നടത്തുന്ന നിലയിൽ വാഹനകുതുകികൾ പലവട്ടം കണ്ടുമുട്ടിയിരുന്നു. ഓട്ടോ പപ്പരാസികൾ ഇവയുടെ നിരവധി ചിത്രങ്ങൾ പുറത്തു കൊണ്ടുവന്നു. 2019ൽ അവതരിപ്പിക്കപ്പെട്ടതിനു ശേഷവും കാർ ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരുന്നില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം യൂറോപ്പിൽ വിൽക്കുന്ന അതേ സ്പെസിഫിക്കേഷനുകളോടെ കാർ ഇന്ത്യയിലും ലഭ്യമാകും.