ഇസ്ലാമാബാദ്- ഇന്ത്യക്കു നേരെ സമാധാനത്തിന്റെ കരം നീട്ടി പാക്കിസ്ഥാന്‍ സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ. ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ടു പോകേണ്ട സമയമായെന്ന് ജനറല്‍ ബജ്വ പറഞ്ഞു.
നിയന്ത്രണ രേഖയിലെ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷമാണ് പാക്കിസ്ഥാനില്‍നിന്നു സമാധാനശ്രമമുണ്ടാകുന്നത്. ക്രിയാത്മകമായ ചര്‍ച്ചയ്ക്കുള്ള ആദ്യചുവട് ഇന്ത്യയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടതെന്നും ജനറല്‍ ബജ്വ പറഞ്ഞു. പാക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയില്‍ സമാധാനമുണ്ടാകുന്നത് ദക്ഷിണ, മധ്യേഷ്യന്‍ മേഖലയില്‍ സാമ്പത്തിക പുരോഗതിക്ക് ഇടയാക്കും. കിഴക്ക്, പടിഞ്ഞാറന്‍ ഏഷ്യകള്‍ തമ്മില്‍ ബന്ധം മെച്ചപ്പെടുമെന്നും ജനറല്‍ ബജ്വ പറഞ്ഞു.
കഴിഞ്ഞ ദിവസം സമാനമായ പ്രതികരണം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നടത്തിയിരുന്നു. ഇരുരാജ്യങ്ങളും സൗഹൃദത്തിലായാല്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനിലൂടെ മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് അതിവേഗം എത്തിപ്പെടാനാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 2018ല്‍ അധികാരത്തിലെത്തിയതിനു ശേഷം സമാധാനത്തിനായി നിരവധി കാര്യങ്ങള്‍ ചെയ്തുവെന്നും ഇന്ത്യയാണ് പ്രതികരിക്കേണ്ടതെന്നും ഇമ്രാന്‍ പറഞ്ഞു.