മുംബൈ-ഏറെ കാത്തിരിപ്പിനു ശേഷം മലയാളികളുടെ സ്വന്തം നടിയായ മഞ്ജു വാര്യരും ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഞ്ജുവിന്റെ ബോളിവുഡ് ചിത്രത്തില്‍ മാധവന്‍ നായകനായി എത്തിയേക്കുമെന്നും സൂചനയുണ്ട്. പുതിയ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ മഞ്ജു നടത്തുന്നുണ്ട് എന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് മലയാളത്തില്‍ നിന്ന് മറ്റൊരു നടി കൂടി അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.
ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് കനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയില്‍ നടി നടത്തിയ പ്രസ്താവനയൊക്കെ ഏറെ കൈയ്യടികളും മാധ്യമ ശ്രദ്ധയും നേടിയിരുന്നു. കരിയറിലെ വലിയ സന്തോഷങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സന്തോഷവും നടിയെ തേടിയെത്തിയിരിക്കുകയാണ്.
കനി കുസൃതി ഇപ്പോള്‍ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഓകെ കംപ്യൂട്ടര്‍ എന്ന ചിത്രത്തിലൂടെയാണ് കനി തന്റെ കന്നി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിട്ടുണ്ട്. രാധിക ആപ്‌തെയ്ക്ക് ഒപ്പമാകും കനി ബോളിവുഡില്‍ അരങ്ങേറുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് രാധികയാണ്.
സയന്‍സ് ഫിക്ഷന്‍-കോമഡി വിഭാഗത്തില്‍പെടുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെയാകും റിലീസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കനി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്. നിറയെ ആശംസകളാണ് കനിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാകും കനി എത്തുക.
കനിക്കും രാധികയ്ക്കും പുറമെ വിജയ് വര്‍മ, ജാക്കി ഷ്രോഫ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാര്‍ അപകടത്തില്‍ ഒരാള്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പൂജ ഷെട്ടി, നീല്‍ പഗേഡര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. നിര്‍മാണം നിര്‍വ്വഹിക്കുന്നത് ആനന്ദ് ഗാന്ധിയാണ്.