ന്യൂദല്‍ഹി- മുറിയന്‍ ജീന്‍സിട്ട് കാല്‍മുട്ടുകള്‍ കാണിക്കുന്ന സ്ത്രീകള്‍ക്ക് സംസ്കാരമില്ലെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി സമാജ് വാദി പാർട്ടി എം.പി ജയാ ബച്ചന്‍.
മോശം മനസ്ഥിതിയാണിതെന്നും സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഇത്തരം പരാമർശങ്ങള്‍ ഒരിക്കലും ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും ജയാ ബച്ചന്‍ പറഞ്ഞു.
കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ കുട്ടികള്‍ക്ക് മുന്നില്‍ മോശം മാതൃകയാണ് കാണിക്കുന്നതെന്നാണ് ഉത്തരാഖണ്ഡില്‍ പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത് പറഞ്ഞിരുന്നത്.
കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കുട്ടികളോടപ്പം വിമാനത്തില്‍ യാത്ര ചെയ്ത സ്ത്രീ തന്റെ സീറ്റിനടുത്ത് ഇരുന്നതും സംസാരിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു. അവരുടെ ജീന്‍സ് കാല്‍മുട്ടില്‍ കീറിയ നിലയിലായിരുന്നു. സര്‍ക്കാരിതര സംഘടനയുടെ ഭാരവാഹിയാണെന്നാണ് അവര്‍ പറഞ്ഞത്. അവരാണ് മുട്ട് കാണിച്ച് സമൂഹത്തില്‍ നടക്കുന്നത്. എന്തു മൂല്യമാണ് അവര്‍ കുട്ടികള്‍ക്ക് നല്‍കുന്നത്- തിരത് സിംഗ് റാവത്ത് ചോദിച്ചു.
മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന് മറുപടിയുമായി സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍റെ പേരമകള്‍ നവ്യ നവേലി നന്ദയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഞങ്ങളുടെ വസ്ത്രം മാറ്റുന്നതിന് മുമ്പ് നിങ്ങളുടെ ചിന്താഗതിയാണ് മാറ്റേണ്ടതെന്ന് നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാല്‍മുട്ട് കാണുന്ന കീറിയ ജീന്‍സ് ധരിച്ചുള്ള ചിത്ര സഹിതമാണ് നവ്യയുടെ മറുപടി. അഭിമാനത്തോടെ മുറിയന്‍ ജീന്‍സ് ധരിക്കുന്നുവെന്നും വ്യക്തമാക്കി.