ജലന്ദര്‍- ഏറെ കാത്തിരുന്നിട്ടും വിവാഹം നടക്കാത്തതില്‍ ഖിന്നയായ അധ്യാപിക ജ്യോത്സന്റെ നിര്‍ദേശ പ്രകാരം 13കാരനായ തന്റെ വിദ്യാര്‍ത്ഥിയെ വീട്ടില്‍ തടവിലാക്കി വിവാഹം കഴിച്ചു. പഞ്ചാബിലെ ജലന്ദറില്‍ ബസ്തി ബാവ ഖേല്‍ പ്രദേശത്താണ് സംഭവം. ട്യൂഷന് നല്‍കാനെന്ന വ്യാജേന ബാലനെ ടീച്ചര്‍ സ്വന്തം വീട്ടില്‍ ഒരാഴ്ച പുറത്തുവിടാതെ താമസിപ്പിച്ചാണ് സൂത്രത്തില്‍ വിവാഹം നടത്തിയത്. പിന്നീട് ബാലന് വീട്ടില്‍ തിരിച്ചെത്തി സംഭവം വിവരിച്ചപ്പോഴാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ടീച്ചറുടെ അടുത്ത് ബാലന് സ്ഥിരമായി ട്യൂഷനു പോയിരുന്നു. ഇതിനിടെ ടീച്ചര്‍ തന്നെയാണ് കുട്ടിക്ക് വീട്ടില്‍ ഒരാഴ്ചത്തെ ട്യൂഷന് നല്‍കേണ്ടതുണ്ടെന്ന് മാതാപിതാക്കളെ ബോധിപ്പിച്ച ശേഷം കൂടെ താമസിപ്പിച്ചത്. പ്രതിഷേധവുമായി കുട്ടിയുടെ വീട്ടുകാര്‍ രംഗത്തുവരികയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. മംഗല്യദോഷമുണ്ടെന്നും ഇതിനു പരിഹാരക്രിയ ചെയ്യണമെന്നും ജ്യോത്സന് നിര്‍ദേശിച്ചിരുന്നതായി യുവതി പോലീസിനോട് പറഞ്ഞു.
തങ്ങളുടെ മകനെ തടവിലാക്കി നിര്‍ബന്ധ വിവാഹത്തിന് ഇരയാക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു. ടീച്ചറുടെ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ച് ബാലനെ എല്ലാ വിവാഹ ആചാരങ്ങളും ചെയ്യിപ്പിച്ചെന്നും അവര്‍ പറയുന്നു. ഹല്‍ദി-മെഹന്ദി, ആദ്യ രാത്രി തുടങ്ങി ചടങ്ങുകളെല്ലാം നടത്തിച്ചു. പിന്നീട് ടീച്ചര്‍ വളകള്‍ പൊട്ടിച്ച് വിധവയായി പ്രഖ്യാപിക്കുകയായിരുന്നു. ജ്യോത്സ്യന്റെ നിര്‍ദേശ പ്രകാരമുള്ള പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ ടീച്ചറുടെ കുടുംബാംഗങ്ങള്‍ അനുശോചന ഒത്തുചേരല്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. വീട്ടില്‍ തടവിലാക്കിയ ദിവസങ്ങളില്‍ ബാലനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
സംഭവം പോലീസില്‍ എത്തിയതോടെ കുറ്റാരോപിതയായ ടീച്ചര്‍ സ്റ്റേഷനിലെത്തി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ടീച്ചറുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാലന്റെ കുടുംബം പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഇങ്ങനെ ഒരു പരാതി ലഭിച്ചുവെന്നും എന്നാല്‍ ഇരു കക്ഷികളും ഒത്തുതീര്‍പ്പിലെത്തിയതിനാല്‍ പിന്നീട് പരാതി പിന്‍വലിക്കപ്പെട്ടുവെന്നും പോലീസും വ്യക്തമാക്കി. സംഭവത്തില്‍ ടീച്ചര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.