തൃശൂര്‍-ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'കള'യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം. മാര്‍ച്ചില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത് എ സര്‍ട്ടിഫിക്കേറ്റാണ്. അണിയറപ്രവര്‍ത്തകരും ടൊവിനോയുമടക്കം ഈ പുത്തന്‍ വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. കള സെന്‍സര്‍ ചെയ്തു. ഞങ്ങള്‍ക്ക് കിട്ടിയത് എ സര്‍ട്ടിഫിക്കേറ്റാണ്. അതെ എ സര്‍ട്ടിഫിക്കേറ്റ്. കട്ടൊന്നുമില്ല, ബീപ് സൌണ്ടുമില്ല, പച്ചയ്ക്ക്. വളര്‍ന്നവര്‍ക്ക് വേണ്ടി മാത്രം, കുഞ്ഞുങ്ങള്‍ മാറി നില്‍ക്കൂ എന്ന് കുറിച്ചുകൊണ്ടാണ് ടൊവിനോ സെന്‍സര്‍ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
തീയേറ്ററുകളില്‍ സെക്കന്റ് ഷോ സജീവമായതോടെ റിലീസുകള്‍ തുടങ്ങുകയും പ്രേക്ഷകര്‍ തീയേറ്ററുകളിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രോഹിത് വി.എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് തുടങ്ങിയ ചിത്രങ്ങളായിരുന്നു രോഹിത്തിന്റെ മുന്‍ ചിത്രങ്ങള്‍.
ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന കള എന്ന ചിത്രം 97കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്. ലാല്‍, ദിവ്യ പിള്ള, ആരിഷ്, 18ാം പടി താരം മൂര്‍ തുടങ്ങിയവരാണ് ചിത്രത്തലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാജിയെന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം. ഭാര്യയും, അച്ഛനും, കുട്ടിയുമാണ് ഷാജിയുടെ വീട്ടിലുള്ളത്.
ഈ വീട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന് യദു പുഷ്പകരനും, രോഹിത് വി.എസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സാണ് ചിത്രം ഒരുക്കുന്നത്.സിജു മാത്യുവും, നേവിസ് സേവ്യറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടൊവിനോ തോമസ്, രോഹിത് വി എസ്, അഖില്‍ ജോര്‍ജ് എന്നിവര്‍ സഹ നിര്‍മ്മാതാക്കളായി ചിത്രത്തിനൊപ്പമുണ്ട്.