നെടുമ്പാശ്ശേരി- കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ രാജ്യാന്തര ടെർമിനലായ ടി-3യിൽ യാത്രക്കാരെ അനുഗമിക്കുന്നവർക്കുള്ള പ്രത്യേക മേഖല പ്രവർത്തനമാരംഭിച്ചു. ഇതോടെ യാത്രക്കാർക്കൊപ്പമെത്തുന്നവർക്ക് പാസെടുത്ത് ടെർമിനലിനുള്ളിൽ കയറാനാകും.
ടെർമിനൽ-3 ലെ യാത്രക്കാരെ അനുഗമിക്കുന്നവർക്ക് ഇതുവരെ പുറത്ത് നിൽക്കാനുള്ള അനുമതി മാത്രമേയുണ്ടായിരുന്നുള്ളൂ. സന്ദർശക ഏരിയ തുറന്നതോടെ, പത്ത് രൂപയുടെ പാസ് ലഭ്യമാക്കി തിരിച്ചറിയൽ കാർഡ് കാണിച്ചാൽ ടെർമിനലിനുള്ളിൽ കടക്കാനാകും. യാത്രക്കാർ ചെക്ക് -ഇൻ ചെയ്ത് ഇമിഗ്രേഷൻ മേഖലയിൽ എത്തുന്നതുവരെ സന്ദർശക ഏരിയയിൽ നിന്നാൽ കാണാനാകും.
സിയാൽ ടെർമിനൽ-3 ലെ സന്ദർശക ഗാലറി മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.
സി.ഐ.എസ്.എഫിന്റെ സുരക്ഷയിലാണ് സന്ദർശക ഏരിയ പ്രവർത്തിക്കുന്നത്. 52,000 ചതുരശ്രയടി വിസ്തീർണമുള്ള സന്ദർശക ഏരിയയിൽ യാത്രക്കാർക്കും അനുമഗമിക്കുന്നവർക്കുമായി ഭക്ഷണശാലകൾ, എ.ടി.എം കൗണ്ടറുകൾ, ഷോ റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ബർഗർ കിങ്, പന്തൽ, കറി ട്രീ, ഡി സി ബുക്‌സ്, ഡബഌൂ എച്ച് സ്മിത്ത്, ഡി മിലാനോ, ജോൺസ് അമ്പ്രല, ബി ഫാ ആയുർവേദ, റാംസൺസ,് ലോട്ടസ്, ഒറേലിയ, വെസ്‌റ്റേൺ ഇന്ത്യ കാഷ്യൂസ്, സാംസണൈറ്റ് എന്നീ ബ്രാൻഡുകൾ സജ്ജമായിട്ടുണ്ട്.
സ്‌റ്റേറ്റ് ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കുമാണ് എ.ടി.എം കൗണ്ടറുകൾ ഒരുക്കിയിട്ടുള്ളത്.
സന്ദർശക ഏരിയയുടെ ഉദ്ഘാടനം സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ നിർവഹിച്ചു. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാഷ്യൽ ഓഫീസർ സുനിൽ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, ജനറൽ മാനേജർ ജോസ് തോമസ്, ഡി.ജി.എം കൊമേഴ്‌സ്യൽ ജോസഫ് പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.