ന്യൂദൽഹി- രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ സ്വന്തം ആസ്തികൾ വിറ്റ് 2.5 ലക്ഷം കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എട്ട് തരം ആസ്തികൾ വിൽപ്പനയ്ക്കായി കണ്ടെത്തി. ഇതിൽ റോഡുകൾ, ഇലക്ട്രിസിറ്റി പ്രസരണ സംവിധാനങ്ങൾ, എണ്ണ, ഗ്യാസ് പൈപ്പ്‍ലൈനുകൾ, ടെലികോം ടവറുകൾ, സ്പോർട്സ് സ്റ്റേഡിയങ്ങൾ തുടങ്ങിയവ ഉൾപ്പെടും. എട്ട് മന്ത്രാലയങ്ങൾ ചേർന്നാണ് വീൽക്കാവുന്ന ഈ ആസ്തികളുടെ പട്ടിക തയാറാക്കിയത്.
ഇതിൽ 150 പാസഞ്ചർ ട്രെയിനുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ള നീക്കവും ഉൾപ്പെടുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ സർക്കാർ ഓഹരികൾ വിറ്റഴിക്കുന്നതാണ് മറ്റൊന്ന്. ദൽഹി, മുംബൈ, ബെംഗളൂൂരു, ഹൈദരാബാദ് എയർപോർട്ടുകളിലെ സംയുക്ത സംരംഭങ്ങളിൽ എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യക്ക് ഓഹരിയുണ്ട്. ദൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പോലുള്ളവ പാട്ടത്തിന് നൽകുന്ന പരിപാടികളും ഈ പണമുണ്ടാക്കൽ യജ്ഞത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞമാസമാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‍ലൈൻ എന്ന പരിപാടി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി 2021-24 കാലഘട്ടത്തിൽ പണമുണ്ടാക്കാൻ കഴിയുന്ന സാധ്യതകളെല്ലാം പരിശോധിക്കാൻ നീതി ആയോഗ് മന്ത്രാലയങ്ങളോട് ഉത്തരവിട്ടിരുന്നു. മന്ത്രാലയങ്ങൾ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
രണ്ട് വർഷത്തോളമായി ആസ്തിവിൽപ്പനയ്ക്കുള്ള പദ്ധതികൾ സർക്കാർ നടത്തി വരികയാണ്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത് ദ്രുതഗതിയിലായി. സ്വകാര്യവൽക്കരണത്തെ ശക്തമായി പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞയാഴ്ച പ്രസ്താവനയിറക്കിയതോടെ വിൽപ്പനകൾ അതിവേഗത്തിലാക്കാൻ നടപടികൾ തുടങ്ങി. ആസ്തികളിൽ നിന്ന് 90,000 കോടി രൂപ സമ്പാദിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി 2021-22 കാലത്ത് 150 പാസഞ്ചർ ട്രെയിനുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിട്ടുനൽകും. ഗതാഗത മന്ത്രാലയം 7200 കിലോമീറ്റർ റോഡാണ് കണ്ടുവെച്ചിട്ടുള്ളത്. ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ അടക്കമുള്ള മാർഗങ്ങളിലൂടെ പണമുണ്ടാക്കും. ബിഎസ്എൻഎലിന്റെ ടവറുകളും ഭാരത്‍നെറ്റിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകളും സ്വകാര്യവൽക്കരിച്ച് പണമുണ്ടാക്കുന്ന പരിപാടിയും ഇതിനൊപ്പം നടപ്പാകും.