Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പില്‍ ഗ്രൂപ്പ് അഡ്മിന്‍ ഇനി ശരിക്കും മുതലാളിയാകും

ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചാറ്റുകളില്‍ പൂര്‍ണ നിയന്ത്രണം അനുവദിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു. ഗ്രൂപ്പിലെ അംഗങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകളേയും ഫോര്‍വേഡുകളേയും പരിപൂര്‍ണമായും നിയന്ത്രിക്കാന്‍ ഇതുവഴി അഡ്മിനു കഴിയും. അംഗങ്ങളുടെ ടെക്സ്റ്റ്്, ഫോട്ടോ, ജിഫ്, വീഡിയോ, വോയ്‌സ് മെസേജുകളെ ഫില്‍റ്റര്‍ ചെയ്യാന്‍ അഡ്മിനു ഈ ഫീച്ചര്‍ ഉപയോഗിച്ച് കഴിയും. ഇങ്ങനെയൊരു നിയന്ത്രണമില്ലാത്താത് വാട്‌സാപ്പിന്റെ വലിയ പോരായ്മ ആയിരുന്നു. ആര്‍ക്കും എന്തും അയക്കാനും ഫോര്‍വേഡ് ചെയ്യാനും സാധിക്കുന്നത് ഗ്രൂപ്പ് അഡ്്മിനുകള്‍ക്കും വലിയ പൊല്ലപ്പായി.

ഗൂഗ്ള്‍ പ്ലേ ബീറ്റ വഴി വേര്‍ഷന്‍ 2.17.430ലാണ്  റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് എന്ന സെറ്റിങ്‌സിലൂടെ ഈ പരീക്ഷണ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. റെസ്ട്രിക്റ്റഡ് ഗ്രൂപ്പുകളിലേക്ക് അംഗങ്ങള്‍ക്ക് മെസേജ് വിടണമെങ്കില്‍ ആദ്യം അഡ്മിനാണ് മെസേജ് ചെയ്യേണ്ടത്. മെസേജ് അഡ്മിന്‍ എന്ന ബട്ടണ്‍ ദൃശ്യമാകും. ഇങ്ങനെ വരുന്ന മെസേജുകളില്‍ ആവശ്യമായത് മാത്രം അഡ്മിന് ഗ്രൂപ്പിലേക്ക് വിടാം എന്ന സൗകര്യമുണ്ട്. അനാവശ്യ മെസേജുകള്‍ വേഗത്തില്‍ റിജക്ട് ചെയ്യാനും കഴിയും.

ഈ ഫീച്ചര്‍ പൂര്‍ണ തോതില്‍ അവതരിപ്പിക്കുന്നതോടെ ഗ്രൂപ്പ് അഡ്മിന്‍മാരുടെ വലിയൊരു പ്രതിസന്ധിക്ക് പരിഹാരമാകും. ഗ്രൂപ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് യോജിക്കാത്ത മെസേജുകളും വളിപ്പന്‍ ഫോര്‍വേഡുകളും എല്ലാ അഡ്മിന്‍മാര്‍ക്കും ഒരു തലവേദനയാണ്. ഇത്തരം അംഗങ്ങളെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുക എന്ന ഒരേഒരു പോംവഴി മാത്രമെ ഇത്രയും കാലം ഉണ്ടായിരുന്നുള്ളൂ. വേണ്ടപ്പെട്ടവരെ എങ്ങനെ പുറത്താക്കുമെന്ന അഡ്മിന്‍മാരുടെ നിസ്സഹായാവസ്ഥയ്ക്ക് ഇതോടെ വിരാമമാകും.

 

Latest News