ന്യൂദല്‍ഹി- ദല്‍ഹി വിമാനത്താവളം അടക്കം നാല് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരി ഉടമസ്ഥാവകാശം കൂടി സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ അവശേഷിക്കുന്ന ഓഹരികളാണ് വില്‍ക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിച്ചാണ് കേന്ദ്ര നീക്കം. ലാഭകരമായി പ്രവര്‍ത്തിക്കുന്നവയും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എയര്‍പോര്‍ട്ട് സ്വകാര്യവത്കരണത്തിന്റെ ആദ്യഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങളും നേടിയത് അദാനി ഗ്രൂപ്പായിരുന്നു. ലഖ്‌നൗ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി വിമാനത്താവളങ്ങളാണ് രാജ്യത്തെ മുന്‍നിര ബിസിനസുകാരനായ അദാനിയുടെ സംഘം സ്വന്തമാക്കിയത്.