Sorry, you need to enable JavaScript to visit this website.

'ഇപ്പോൾ വാങ്ങുക, പിന്നീട് പണം നൽകുക' ശൈലി ഇന്ത്യയിൽ അതിവേഗം വളരുന്നു

ഇന്ത്യയിൽ അതിവേഗം വളരുന്ന ഒരു മേഖലയാണ് ഇ കൊമേഴ്‌സ്. കോവിഡ്19 മൂലം ഇന്ത്യൻ ഇകൊമേഴ്‌സ് വ്യവസായം വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഭാവിയിൽ ഗണ്യമായ  വളർച്ചക്കുള്ള സാധ്യതയും ഈ രംഗത്തുണ്ടെന്നാണ് വിലയിരുത്തൽ. 2024 ൽ  84 ശതമാനം വളർച്ചയോടെ  ഇന്ത്യയുടെ ഇകൊമേഴ്‌സ്  വിപണി 111 ബില്യൺ കോടി ഡോളറിലെത്തുമെന്നാണ് ആഗോള ധനകാര്യ സാങ്കേതികവിദ്യാ ദാതാവായ  എഫ്.ഐ.എസിന്റെ 2021 ഗ്ലോബൽ പേമെന്റ്‌സ് റിപ്പോർട്ടിൽ പറയുന്നത്.
കോവിഡ്19 പകർച്ചവ്യധിയുടെ വരവാണ് ഇകൊമേഴ്‌സ് വിപണിയിൽ നാടകീയമായ ഈ വളർച്ചക്കു കളമൊരുക്കിയതെന്ന്  റിപ്പോർട്ട് വിലയിരുത്തുന്നു. നാൽപത്തിയൊന്നു രാജ്യങ്ങളിലെ  ഇപ്പോഴത്തെയും ഭാവിയിലെയും പേമെന്റ്  ഗതി പരിശോധിച്ചതിനു ശേഷമാണ് എഫ്.ഐ.എസ് റിപ്പോർട്ട് തയാറാക്കിയത്. കോവിഡ്19 കാലയളവിൽ  ഈ രാജ്യങ്ങളിലെ ഡിജിറ്റൽ കൊമേഴ്‌സ് ത്വരിതപ്പെടുത്തിയതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ പേമെന്റ് ശീലത്തിൽ കോവിഡ്19 മാറ്റങ്ങൾ വരുത്തി.


ഇന്ത്യയുടെ ഇകൊമേഴ്‌സ് വിപണി അടുത്ത നാലു വർഷക്കാലത്ത് 21 ശതമാനം വാർഷിക വളർച്ച നേടുമെന്നാണ് കണക്കാക്കുന്നത്. 2020 ൽ ഓൺലൈനിൽ ഏറ്റവും പ്രചാരമുള്ള പേയ്‌മെന്റ് രീതികൾ ഡിജിറ്റൽ വാലറ്റുകൾ (40 ശതമാനം), ക്രെഡിറ്റ് കാർഡ് (15 ശതമാനം), ഡെബിറ്റ് കാർഡ് (15 ശതമാനം) എന്നിവയാണ്. 'ഇപ്പോൾ വാങ്ങുക,  പിന്നീട് പണം നൽകുക'  എന്ന  ഓൺലൈൻ പേമെന്റ് രീതി ഇന്ത്യയിൽ അതിവേഗം വളരുകയാണ്. നിലവിൽ  ഈ പേമെന്റ് രീതിക്ക് വിപണിയിലെ സാന്നിധ്യം 3 ശതമാനം മാത്രമാണ്.  2024 ഓടെ ഇത് 9 ശതമാനമായി ഉയരുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. ഓൺലൈൻ  വിപണി വിഹിതം ഡിജിറ്റൽ വാലറ്റുകളുടെ വിഹിതം 2024 ഓടെ 47 ശതമാനമായി ഉയരുമെന്നു കണക്കാക്കുന്നു.


ഇന്ത്യയിലെ പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) വിപണി   2024 ൽ ഇപ്പോഴത്തേതിൽനിന്ന്  41 ശതമാനം വർധനയോടെ 1,035 ബില്യൺ കോടി ഡോളറിലെത്തുമെന്ന് എഫ്.ഐ.എസ് റിപ്പോർട്ട് കണക്കാക്കുന്നു. ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റോർ പേമെന്റ് രീതി പണമായി നൽകുകയെന്നതു തന്നെയാണ്. ഇതിന്റെ വിഹിതം 34 ശതമാനമാണ്. ഡിജിറ്റൽ വാലറ്റുകൾ (22 ശതമാനം), ഡെബിറ്റ് കാർഡ്  (20 ശതമാനം) എന്നിങ്ങനെയാണ് മറ്റു രീതികൾ. 2024 ഓടെ ഡിജിറ്റൽ വാലറ്റുകൾ  33 ശതമാനം വിഹിതത്തോടെ ഇൻസ്റ്റോർ പേമെന്റ് രീതിയിൽ ഒന്നാമതെത്തുമെന്നു റിപ്പോർട്ട് കണക്കാക്കുന്നു.
കോവിഡ്19 മൂലം ഇന്ത്യൻ ഇകൊമേഴ്‌സ് വ്യവസായം വലിയ മുന്നേറ്റമാണുണ്ടാക്കിയെന്നും തുടർന്നും വൻ വളർച്ച പ്രതീക്ഷിക്കുന്നതായും എഫ്‌ഐഎസിൽ നിന്നുള്ള വേൾഡ്‌പേയിലെ ഏഷ്യാ പസഫിക് മാനേജിംഗ് ഡയറക്ടർ ഫിൽ പോംഫോർഡ് അഭിപ്രായപ്പെട്ടു.

Latest News