മെക്സിക്കോ സിറ്റി- ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മാർക്കറ്റായ മെക്സിക്കോയിലെ സെൻട്രൽ അബാസ്റ്റോസിൽ കഴിഞ്ഞദിവസം കോവിഡ് രോഗവ്യാപനം തടയുന്നതിനു വേണ്ടി ചില ഗുസ്തിക്കാർ രംഗത്തിറങ്ങി 'ഭീകരാന്തരീക്ഷം' സൃഷ്ടിച്ചു. മാസ്കിടാതെ നടക്കുന്നവരെയെല്ലാം ഇവരിലൊരാൾ കഴുത്തിന് ചുറ്റിപ്പിടിച്ചു. മറ്റുള്ള ഗുസ്തിക്കാർ കൈയിലുള്ള മാസ്ക് അവരുടെ മുഖത്തണിയിച്ചു. ശേഷം വിട്ടയച്ചു. 'മര്യാദയ്ക്ക് മാസ്ക് ധരിച്ചോണം, ഉത്തരവാദിത്വം കാണിക്ക്' തുടങ്ങിയ ആജ്ഞകളുമായി ഇവർ സ്ഥലത്ത് കറങ്ങി നടന്നു. മാസ്കിടാതെ ഹീറോയിസം കാണിച്ച് നടക്കുന്ന ഓരോരുത്തരെയും പിടികൂടി. കരുത്തരായ ഇവരുടെ കൈകൾക്ക് വഴങ്ങിക്കൊടുക്കുകയല്ലാതെ ആർക്കും മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. ഗുസ്തിക്കാർ മാസ്ക് ധരിപ്പിക്കുമ്പോൾ എല്ലാരും വഴങ്ങിക്കൊടുത്തു.
327 ഫൂട്ബോൾ മൈതാനങ്ങളുടെ വലിപ്പമുണ്ട് ഈ മാർക്കറ്റിന്. ഇവിടെ ദിവസവും 50 ലക്ഷം പേരെങ്കിലും വന്നുപോകുന്നു. ഇക്കാരണത്താൽ തന്നെ ഈ മാർക്കറ്റ് ഒരു കോവിഡ് പകർച്ചാകേന്ദ്രമായി മാറിയിട്ടുണ്ട്. മാർക്കറ്റ് ഇനിയും അടച്ചിടുകയെന്നാൽ താങ്ങാനാകാത്ത സാമ്പത്തിക നഷ്ടമാണ് വരുത്തി വെക്കുക. കൂടാതെ രാജ്യത്തെ ഭക്ഷ്യവിതരണത്തെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യും.
ഇതിനിടയിൽ രാജ്യത്തെ രോഗവ്യാപനനില കൂടുകയാണ്. കോവിഡ് മരണങ്ങൾ ഇക്കാലയളവിൽ 2 ലക്ഷത്തിനടുത്തെത്തി. ഇക്കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനത്താണ് മെക്സിക്കോ. കോവിഡിനെതിരെ ഇനിയും പോരാടിക്കൊണ്ടിരിക്കണമെന്ന് ഈ ക്യാമ്പൈനിൽ പങ്കെടുത്ത ഫയൽവാൻമാരിലൊരാളായ സിക്ലൻ രമിറസ് ജൂനിയർ പറയുന്നു. മെക്സികോ സർക്കാരിന്റെ യൂത്ത് ഓഫീസിന്റെ കൂടി അനുമതിയോടെയാണ് ഗുസ്തിക്കാർ മാർക്കറ്റിലിറങ്ങിയിരിക്കുന്നത്