Sorry, you need to enable JavaScript to visit this website.

നന്ദിഗ്രാം ഓർമ ദിനമായ ഇന്ന് തൃണമൂൽ പ്രകടനപത്രിക പുറത്തിറക്കും

കൊൽക്കത്ത- നന്ദിഗ്രാം ഓർമ ദിനമായ ഇന്ന് തൃണമൂൽ കോൺഗ്രസ്സിന്റെ പ്രകടനപത്രിക പുറത്തിറക്കും. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മമതാ ബാനർജി നിർബന്ധിതമായി ഡിസ്ചാർജ് വാങ്ങി വെള്ളിയാഴ്ച വീട്ടിലേക്ക് തിരിച്ചുപോയിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കാലിലെ പ്ലാസ്റ്ററോടു കൂടിത്തന്നെ മമത ആശുപത്രി വിട്ടത്. പരിക്ക് ഭേദമായിത്തുടങ്ങിയിട്ടുണ്ടെന്ന് എസ്എസ്കെഎം ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഏഴ് ദിവസത്തിനു ശേഷം ഡോക്ടർമാർ വീണ്ടുമൊരു പരിശോധന നടത്തും. പ്രചാരണത്തിന് ഉടൻതന്നെ ഇറങ്ങാൻ മമതയ്ക്ക് സാധിക്കില്ലെങ്കിലും പ്രകടനപത്രികയുടെ പ്രകാശനം ഇന്ന് നടത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. വീൽചെയറിൽ ഇരുന്ന് മമത പ്രചരണ പരിപാടികൾക്കിറങ്ങുമെന്നും അവർ പറയുന്നു. 

ഇക്കഴിഞ്ഞ ബുധനാഴ്ച പ്രകടനപത്രിക പുറത്തിറക്കുന്നതിനായി എത്തുന്നതിനിടയിലാണ് മമതയ്ക്കു നേരെ ആക്രമണമുണ്ടായതായി ആരോപിക്കപ്പെടുന്നത്. ഇതോടെ പത്രികാപ്രകാശനം മാറ്റി വെച്ചു. മാർച്ച് 5നു തന്നെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പട്ടിക മമത പുറത്തിറക്കിയിരുന്നു. 50 വനിത സ്ഥാനാർത്ഥികളും 79 പട്ടികജാതി സ്ഥാനാർത്ഥികളും 42 മുസ്ലിം സ്ഥാനാർത്ഥികളും 17 പട്ടികവർഗ സ്ഥാനാർത്ഥികളുമടങ്ങുന്നതാണ് പട്ടിക. 

നന്ദിഗ്രാമിൽ 2007 മാർച്ച് 14നുണ്ടായ അക്രമസംഭവങ്ങളാണ് പശ്ചിമബംഗാളിന്റെ രാഷ്ട്രീയഗതിയെ തിരിച്ചുവിട്ടതും തൃണമൂലിന് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയതും. പ്രദേശത്ത്, കർഷകരുടെ ഭൂമി പിടിച്ചെടുത്ത് ഇടതു സർക്കാർ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനെതിരെ അതേവർഷം ജനുവരി മാസം മുതൽക്ക് തുടങ്ങിയ പ്രക്ഷോഭപരിപാടികൾ മാർച്ച് മാസത്തിലും തുടരുകയായിരുന്നു. സ്ഥലത്തിന്റെ നിയന്ത്രണം ഭൂമി ഉച്ഛെദ് പ്രതിരോധ് കമ്മിറ്റി ഏറ്റെടുത്തു. മാർച്ച് 14ന് പ്രദേശത്ത് തടിച്ചുകൂടിയ അയ്യായിരത്തോളം വരുന്ന ജനങ്ങൾക്കു നേരെ വെടിവെപ്പുണ്ടായി. കുറഞ്ഞത് 200 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വന്നത്.

Latest News