കൊച്ചി- സുരേഷ് ഗോപി കാരണം നടക്കാതെ പോയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി മലയാളത്തിലെ ഹിറ്റ് തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസ്. ഉര്‍വശിക്ക് പ്രാധാന്യമുള്ള രംഗങ്ങള്‍ മാറ്റിയെഴുതാന്‍ സുരേഷ് ഗോപി പറഞ്ഞെന്ന് കലൂര്‍ ഡെന്നീസ് വെളിപ്പെടുത്തുന്നു. നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍ അഭിനയിച്ചാല്‍ തനിക്കിപ്പോള്‍ കിട്ടിയിരിക്കുന്ന ഇമേജിനെ വല്ലാതെ ബാധിക്കുമെന്നും നായകന് പ്രാധാന്യമുള്ള വിധത്തില്‍ തിരക്കഥ മാറ്റിയെഴുതിയാല്‍ അഭിനയിക്കാമെന്നുമാണ് സുരേഷ് പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍.
തന്റെ ആത്മകഥ പരമ്പരയിലാണ് ഡെന്നീസിന്റെ വെളിപ്പെടുത്തല്‍. കര്‍പ്പൂരദീപം എന്ന സിനിമയില്‍ ഉര്‍വശിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്ന രംഗമുണ്ടായിരുന്നുവെന്നും അത് മാറ്റിയെഴുതാന്‍ സുരേഷ് ഗോപി പറഞ്ഞുവെന്നുമാണ് കലൂര്‍ ഡെന്നിസ് പറയുന്നത്.
തിരക്കഥ മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ഏഴ് ദിവസം ഷൂട്ട് ചെയ്ത് കര്‍പ്പൂരദീപത്തില്‍ അഭിനയിക്കാതെ സുരേഷ് ഗോപി പോയി. അങ്ങനെയാണ് കര്‍പ്പൂരദീപത്തിന് തിരശ്ശീല വീണത്... കലൂര്‍ ഡെന്നീസ് പറയുന്നു. മറ്റൊരു ചിത്രത്തിലും ഇത് പോലൊരു സംഭവം ഉണ്ടായിരുന്നു.
വേണു ബി. നായര്‍ സംവിധാനം ചെയ്ത സിറ്റി പൊലീസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും സുരേഷ് ഗോപി മോശമായി പെരുമാറിയിരുന്നു. സിനിമയിലെ ആദ്യം ഷൂട്ട് ചെയ്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപി അതിന് തയ്യാറായില്ല. പിന്നീട് ചീത്ത പറയേണ്ടി വന്നുവെന്നും കലൂര്‍ ഡെന്നീസ് പറയുന്നു