ബംഗളൂരു- യുവതിയുടെ മൂക്കിനിടിച്ചുവെന്ന വിവാദത്തില്‍ പരാതിക്കാരിയുടെ ചികിത്സാ ചെലവും ഡെലിവറി ബോയിയുടെ കോടതി ചെലവും തങ്ങള്‍ വഹിക്കുമെന്ന് സൊമാറ്റോ സഹ സ്ഥാപകന്‍ ഗോപീന്ദര്‍ ഗോയല്‍ പറഞ്ഞു.
കമ്പനിയുടെ ഡെലിവറി ബോയി കാമരാജ് മൂക്കിനിടിച്ച് ചോര വരുത്തിയെന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് ഹിതേശ ചന്ദ്രാനെ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ തന്നെയാണ് യുവതി ചെരിപ്പൂരി അടിച്ചതെന്നും അതിനിടയില്‍ അവരുടെ മോതിരം കൊണ്ടാണ് മൂക്ക് മുറിഞ്ഞതെന്നും ഡെലിവറി ബോയി കാമരാജ് മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ സത്യം അറിയുകയാണ് പ്രധാനമെന്നും അതുകൊണ്ടാണ് രണ്ടു പേരേയും സഹായിക്കുന്നതെന്നും ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ പോലീസിനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ വിഡിയോ പ്രത്യക്ഷപ്പെട്ട ഉടന്‍ ജീവനക്കാരനെ സൊമാറ്റോ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
യുവതിയാണ് തന്നെ ആദ്യം മര്‍ദിച്ചതെന്നും അധിക്ഷേപിച്ചതെന്നും കാമരാജ് മാധ്യമങ്ങളോട് പറഞ്ഞു.
റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയില്‍ വന്‍ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ എത്തിയ ശേഷം, വൈകിയതിന് ആദ്യമേ ക്ഷമ ചോദിച്ചു. തുടര്‍ന്ന് ഭക്ഷണം കൈമാറി. തുടര്‍ന്ന് പണത്തിനായി കാത്തുനിന്നു. എന്നാല്‍, അവര്‍ തരാന്‍ കൂട്ടാക്കിയില്ല. വളരെ പരുഷമായി സംസാരിക്കകയും ചെയ്തു. തന്റെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുമെന്നതിനാല്‍ പണം നല്‍കണമെന്ന് വീണ്ടും അപേക്ഷിച്ചു. ഈ സമയം അടിമ'യെന്ന് വിളിച്ചു. അതിനിടെ യുവതിയുടെ അഭ്യര്‍ത്ഥന പ്രകാരം ഓര്‍ഡര്‍ റദ്ദാക്കിയതായി സൊമാറ്റോയില്‍നിന്ന് അറിയിപ്പ് ലഭിച്ചു. ഭക്ഷണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. താന്‍ മടങ്ങാന്‍ ഒരുങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ചെരിപ്പൂരി അടി തുടങ്ങി. തടയാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തില്‍ സ്വന്തം മൂക്കില്‍ തട്ടിയാണ് ചോരയൊലിച്ചത്- കാമരാജ് പറഞ്ഞു. രണ്ട് വര്‍ഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന തനിക്ക് ഇത് ആദ്യഅനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.