ന്യൂദല്‍ഹി-നന്ദിഗ്രാമില്‍ നടന്ന ആക്രമണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമര്‍ശനങ്ങളാണ് കൂടുതലെന്ന് കമ്മീഷന്റെ പ്രതികരണം.
നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ സംഭാവങ്ങള്‍ ചൂണ്ടിക്കാട്ടി ബാനര്‍ജിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ടി.എം.സി ആഞ്ഞടിച്ചിരുന്നു.
മമതക്ക് മര്‍ദനമേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും ടി.എം.സി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനങ്ങളെ തന്നെ ചോദ്യം ചെയ്യുകയാണെന്ന് കമ്മീഷന് വ്യക്തമാക്കി.
വോട്ടെടുപ്പ് പരിധിയിലുള്ള സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യങ്ങളുടെ ചുമതലയുള്ളതിനാല്‍ കമ്മീഷന് ഉത്തരവാദിത്തത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാവില്ലെന്നാണ് ടി.എം.സിയുടെ പ്രധാന വിമര്‍ശം.
ബി.ജെ.പി നേതാക്കളുടെ ഉത്തരവുകള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും മമതക്കെതിരെ ആക്രമണത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും കമ്മീഷന് അനങ്ങിയില്ലെന്നും ടി.എം.സി നേതാക്കള്‍ പറഞ്ഞു.