ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് സേവനദാതാക്കൾ സ്പാം മെസേജുകൾ അയക്കുന്നത് തടയാൻ ഇന്ത്യയിൽ നടപ്പിലാക്കിയ സംവിധാനം അവശ്യ സന്ദേശങ്ങൾ കൂടി തടയാൻ തുടങ്ങിയതാണ് പ്രശ്നമായത്. തിങ്കളാഴ്ച മാത്രം ബാങ്കുകൾ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് അയച്ച സന്ദേശങ്ങളിൽ 40 കോടി സന്ദേശങ്ങൾ ഡെലിവറി ആയില്ല. പലരും വിവിധ സേവനങ്ങൾക്കായി പണമടയ്ക്കുന്നതിനും മറ്റും ബാങ്കിന്റെ പ്ലാറ്റ്ഫോമുകളുപയോഗിക്കുകയും ഒടിപി (ഒറ്റത്തവണ പാസ്വേഡ്) വരാൻ കാത്തിരുന്ന് മടുക്കുകയും ചെയ്തു. ഇതോടെ ബാങ്കുകൾ സർക്കാരിനെ സമീപിച്ചു.
2018ലെ ഒരു നിയമം കർശനമായി നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തീരുമാനമെടുത്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഓരോ ദിവസവും നൂറ് കോടിയോളം സന്ദേശങ്ങളാണ് വിവിധ കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് അയയ്ക്കുന്നത്. ഇവയിൽ ഉപഭോക്താക്കൾ ആവശ്യപ്പെട്ട് അയയ്ക്കുന്നവരും ആവശ്യപ്പെടാതെ അയയ്ക്കുന്നവയുമുണ്ട്.
സാമ്പത്തിക ഇടപാടുകളുടെ ഒടിപികൾ, രജിസ്ട്രേഷൻ ഉറപ്പാക്കുന്ന മെസ്സേജുകൾ തുടങ്ങിയവ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം വരുന്നവയാണ്. എന്നാൽ തങ്ങളാവശ്യപ്പെടാത്ത തരം മെസ്സേജുകളും വിളികളും വരുന്നതിനെതിരെ വലിയ പരാതികൾ ഉപഭോക്താക്കൾക്കിടയിലുണ്ടായിരു
ഇതെത്തുടർന്നാണ് ഓരോ മെസ്സേജും ഫിൽറ്റർ ചെയ്യുന്നതിന് മൂന്ന് ചെക്ക്പോയിന്റുകൾ നിശ്ചയിച്ച് ട്രായ് പുതിയ ഉത്തരവ് 2018ൽ ഇറക്കിയത്. അയയ്ക്കുന്നയാൾ, ട്രായ്, സ്വീകരിക്കുന്നയാൾ എന്നിവിടങ്ങളിൽ സന്ദേശങ്ങൾ അരിച്ചെടുക്കാനുള്ള സംവിധാനമായിരുന്നു ഇത്. ഇതുപ്രകാരം കമേഴ്സ്യൽ സന്ദേശങ്ങൾ അയയ്ക്കുന്ന കമ്പനികൾ ട്രായിയിൽ പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം മുന്നോട്ടു വെച്ചു.
2018 മുതൽ ഈ സംവിധാനം നിലവിലുണ്ടെങ്കിലും അതിന്റെ കർശനമായ നടപ്പാക്കൽ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പണമിടപാട് സ്ഥാപനമായ പേടിഎം കോടതിയെ സമീപിച്ചു. തങ്ങളുടെ പ്രതിനിധികളെന്ന വ്യാജേന ഉപഭോക്താക്കളെ വിളിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്ന പരാതികൾ വരുന്നുണ്ടെന്നും ട്രായ് തങ്ങളുടെ സ്ക്രീനിങ് സംവിധാനം കർശനമാക്കണമെന്നും പേടിഎം ആവശ്യപ്പെട്ടു. കോടതി ഇത് അനുവദിച്ച് ഉത്തരവിട്ടു.
ഇതോടെ ട്രായ് നിരവധി കമ്പനികളുടെ സന്ദേശമയയ്ക്കൽ സാമഗ്രികൾ മരവിപ്പിച്ചു. ആയിരക്കണക്കിന് ഉപഭോക്താക്കൾ കുടുങ്ങിയതോടെ ട്രായ് ഒരാഴ്ചത്തേക്ക് ചട്ടങ്ങൾ നടപ്പാക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഇതിനിടയിൽ കമേഴ്സ്യൽ സ്ഥാപനങ്ങൾ സന്ദേശമയയ്ക്കുന്നതിനാവശ്യമായ രജിസ്ട്രേഷൻ നടത്തിയിരിക്കണം.