ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ ബാസ് കൊക്കയില്‍ വീണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളടക്കം 27 പേര്‍ മരിച്ചു.
വെസ്റ്റ് ജാവയിലെ സുമെഡാംഗ് ഡിസ്ട്രിക്ടിലാണ് അപകടം. രാത്രി മുഴുവന്‍ പരിശ്രമിച്ചാണ് മൃതദേഹങ്ങളും പരിക്കേറ്റവരേയും പുറത്തെത്തിച്ചത്. 66 യാത്രക്കാരുണ്ടായിരുന്ന ബസ് 20 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ബസിലുണ്ടായിരുന്ന ഹൈസ്‌കൂള്‍ കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 39 പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചു. വെസ്റ്റ് ജാവയിലെ മതകേന്ദ്രത്തിലെ സിയാറത്തിനുശേഷം സുബാംഗ് ടൗണിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.