ക്വാലാലംപൂര്‍- ദൈവത്തെ പരാമര്‍ശിക്കാന്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും 'അല്ലാഹു' എന്ന പദം ഉപയോഗിക്കാമെന്ന് മലേഷ്യന്‍ കോടതി വിധിച്ചു. മുസ്്‌ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സുപ്രധാന വിധി.
അല്ലാഹു എന്നതിനു പുറമെ മൂന്ന് അറബി പദങ്ങള്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച 35 വര്‍ഷം പഴക്കമുള്ള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഈ നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നാണ് ക്രൈസ്തവര്‍ക്കു വേണ്ടി ഹാജരായ അന്നോ സേവ്യര്‍ വാദിച്ചത്.
മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കാരണമായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിന് അല്ലാഹു എന്ന പദം മുസ്്‌ലിംകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ക്രൈസ്തവര്‍ താമസിക്കുന്ന മറ്റു മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊന്നും ഇത്തരമൊരു നിരോധമില്ല.
നിരോധനം യുക്തിരഹിതമാണെന്നും മലായ് ഭാഷ സംസാരിക്കുന്ന ക്രിസ്ത്യാനികള്‍ അറബിയില്‍ നിന്ന് ഉരുത്തിരിഞ്ഞ മലായ് പദമായ അല്ലാഹുവിനെ ബൈബിളുകളിലും പ്രാര്‍ത്ഥനകളിലും ഗാനങ്ങളിലും വളരെക്കാലമായി ഉപയോഗിച്ചുവന്നതാണെന്നും മലേഷ്യയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ പറയുന്നു.
റോമന്‍ കത്തോലിക്കാസഭ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധനം ശരിവെച്ചുകൊണ്ട് 2014 ല്‍ രാജ്യത്തെ ഫെഡറല്‍ കോടതി നല്‍കിയ ഉത്തരവിനു വിരുദ്ധമാണ് ഹൈക്കോടതി വിധി. മലായ് ഭാഷയിലുള്ള വാര്‍ത്താക്കുറിപ്പില്‍ അല്ലാഹു എന്ന വാക്ക് കത്തോലിക്ക സഭ ഉപയോഗിച്ചിരുന്നു.
അല്ലാഹു എന്ന വാക്ക് എല്ലാ മലേഷ്യക്കാര്‍ക്കും ഉപയോഗിക്കാമെന്നാണ് കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ അന്നോ സേവ്യര്‍ പറഞ്ഞു. മലേഷ്യയിലെ അമുസ്‌ലിംകള്‍ക്ക് മതപരമായ അവകാശങ്ങളുമായി ബന്ധപ്പെട്ട മൗലിക സ്വാതന്ത്ര്യത്തെ ഉറപ്പിക്കുന്നതാണ് ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലേഷ്യയിലെ 32 ദശലക്ഷം ജനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും മുസ്‌ലിംകളാണ്. ജനസംഖ്യയുടെ 10 ശതമാനമാണ് ക്രിസ്ത്യാനികള്‍.
രാജ്യത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും ഇംഗ്ലീഷ്, തമിഴ് അല്ലെങ്കില്‍ വിവിധ ചൈനീസ് ഭാഷകളിലാണ് ദൈവത്തെ പരാമര്‍ശിക്കുന്നത്. എന്നാല്‍ ബൊര്‍നിയോ ദ്വീപിലെ മലായ് സംസാരിക്കുന്നവര്‍ക്ക് ദൈവത്തിന് അല്ലാഹുവല്ലാതെ മറ്റൊരു വാക്കില്ല.
മക്കയിലെ കഅബ, ബൈത്തുല്ല, സലാത്ത് എന്നിവയാണ് മറ്റുമതക്കാര്‍ ഉപയോഗിക്കരുതെന്ന് 1986 ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയ മറ്റു മൂന്ന് വാക്കുകള്‍.