ചണ്ഡീഗഢ്- കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ ഇന്ന് അവിശ്വാസപ്രമേയത്തെ നേരിടും. സർക്കാരിന് പിന്തുണ നൽകിയ രണ്ട് സ്വതന്ത്ര എംഎൽഎമാർ നിലവിൽ പിന്തുണ പിൻവലിച്ചിട്ടുണ്ടെന്ന് അവിശ്വാസം കൊണ്ടുവരുന്ന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് അവകാശപ്പെടുന്നു. അതെസമയം സർക്കാരിന് ഭീഷണിയൊന്നുമില്ലെന്ന് ബിജെപി പറയുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള ജൻനായക് ജനതാ പാർട്ടി എംഎൽഎമാർ തങ്ങൾക്ക് മണ്ഡലങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് പറയുന്നുണ്ട്. പ്രയാസത്തിലായിട്ടുള്ള ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. 10 ജെജെപി എംഎൽഎമാരുടെ പിന്തുണയോടെയാണ് ഹരിയാനയിലെ ബിജെപി സർക്കാർ നിലനിൽക്കുന്നത്.
90 അംഗ അസംബ്ലിയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും കേവലഭൂരിപക്ഷം ബിജെപിക്കില്ല. 40 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 10 ജെജെപി എംഎൽമാരും 5 സ്വതന്ത്ര എംഎൽഎമാരും സർക്കാരിനെ പിന്തുണയ്ക്കുന്നു. പത്തിലധികം ഭരണപക്ഷ എംഎൽഎമാരുടെ പിന്തുണ ലഭിച്ചാലേ അവിശ്വാസം വിജയിക്കൂ. രണ്ടുപേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും നിരവധി ഭരണപക്ഷ എംഎൽഎമാർക്ക് അതൃപ്തിയുണ്ടെന്നുമാണ് കോൺഗ്രസ് പറയുന്നത്. 31 അംഗങ്ങളാണ് കോൺഗ്രസ്സിന് സഭയിലുള്ളത്.
സർക്കാരിന് ഭീഷണിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നു. എന്നാൽ ജനങ്ങളുടെ പിന്തുണ സർക്കാരിന് ഇപ്പോഴില്ലെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. ആര് ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കാണാം എന്നാണ് ഹൂഡ പറയുന്നത്.
കർഷകരുടെ പ്രശ്നത്തിൽ ജെജെപി ത്രിശങ്കുവിലായിട്ടുണ്ടെന്നത് വ്യക്തമാണ്. കർഷകർക്ക് താങ്ങുവില ഉറപ്പ് നൽകാനായില്ലെങ്കിൽ തങ്ങൾ സർക്കാരിനെ കൈവിടുമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൌട്ടാല ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാർ കടുത്ത എതിർപ്പ് അവരവരുടെ മണ്ഡലങ്ങളിൽ നേരിടുന്നതും ജെജെപിയെ വലയ്ക്കുന്നുണ്ട്. തങ്ങളുടെ വോട്ടുകളെ ഇത് ബാധിക്കുമെന്ന തോന്നലും അവർക്കുണ്ട്.