അഗർത്തല- ത്രിപുരയിൽ അട്ടിമറി ജയം നേടി ബിജെപി അധികാരത്തിലെത്തിയതിന്റെ മൂന്നാംവാർഷികാഘോഷം ഇന്ന് സംസ്ഥാനത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുക. സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വൻ റാലിക്ക് തന്നെയാണ് ബിജെപി-ഐപിഎഫ്ടി സഖ്യം ഇന്ന് പദ്ധതിയിട്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനാളുകൾ റാലിയിൽ പങ്കെടുക്കും.
ഇതോടൊപ്പം ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ പണികഴിപ്പിച്ച പാലമായ 'മൈത്രി സേതു' ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിങ് വഴിയാണ് പാലത്തിന്റെ ഉദ്ഘാടനവും നടക്കുക. ത്രിപുരയിലെ സബ്രൂമിനെ ബംഗ്ലാദേശിലെ രാംഗഢുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 1.9 കിലോമീറ്റർ നീളമുണ്ട് പാലത്തിന്. 133 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം.
ഇരുരാജ്യങ്ങളും തമ്മിൽ വളർന്നുകൊണ്ടിരിക്കുന്ന ഉഭയകക്ഷി ബന്ധത്തെ സൂചിപ്പിക്കാനാണ് പാലത്തിന് മൈത്രി എന്ന് പേരിട്ടത്. നാഷണൽ ഹൈവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഒരു പുതിയ അധ്യായം തീർക്കുകയാണ് ഈ പാലമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടമായി ത്രിപുര മാറുന്നതിന് ഈ പാലം കാരണമാകുമെന്നും പ്രസ്താവന പറയുന്നു. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തിലേക്ക് ത്രിപുരയിലൂടെ പ്രവേശിക്കാൻ ഈ പാലം സഹായിക്കും.