Sorry, you need to enable JavaScript to visit this website.

ലെനയുടെ വിശേഷങ്ങൾ

നായികയായും ഉപനായികയായും അമ്മയായും ചേച്ചിയായും സുഹൃത്തായുമെല്ലാം മലയാള സിനിമയിൽ അഭിനയപർവ്വം തീർക്കുന്ന ലെനയുടെ സിനിമാ ജീവിതത്തിന് രണ്ടു പതിറ്റാണ്ടാകുന്നു. പ്ലസ് വൺ വിദ്യാർഥിയായിരിക്കേ ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തിലെ അമ്മുവായി തുടങ്ങിയ അഭിനയജീവിതം ജിത്തു ജോസഫിന്റെ ആദിയിൽ എത്തിനിൽക്കുന്നു. ബിരുദാനന്തര ബിരുദപഠനത്തിനായി മൂന്നുവർഷം അഭിനയവഴിയിൽനിന്നും മാറിനിന്നതൊഴിച്ചാൽ ക്യാമറയ്ക്കു മുന്നിലുള്ള ലെനയുടെ ജീവിതം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇടവേളയ്ക്കുശേഷം ടെലിവിഷൻ പരമ്പരകളിലൂടെയാണ് ലെന വീണ്ടും ബിഗ് സ്‌ക്രീനിൽ സജീവമായത്.
പല അഭിനേതാക്കളെയുംപോലെ അഭിനയജീവിതം മാത്രമല്ല ലെന തിരഞ്ഞെടുത്തിരിക്കുന്നത്. ബിസിനസ് രംഗത്തേയ്ക്കും ചുവടുെവച്ചുകഴിഞ്ഞു. കോഴിക്കോട്ടെ ആകൃതി സ്ലിമ്മിംഗ് ക്ലിനിക്ക് എന്ന സ്ഥാപനത്തിന്റെ അമരക്കാരി കൂടിയാണവർ. പുതിയ സംരംഭത്തെക്കുറിച്ച് ലെന തന്നെ പറയട്ടെ.
വെറുമൊരു ബിസിനസ് എന്ന രീതിയിൽ ആരംഭിച്ച സ്ഥാപനമല്ല ആകൃതി സ്ലിമ്മിംഗ് ക്ലിനിക്ക്. ഡയറ്റിംഗ് ഇല്ലാതെ തന്നെ ഫിസിയോതെറാപ്പിയിലൂടെ അമിതവണ്ണം കുറയ്ക്കുന്ന സ്ഥാപനമാണിത്. വീട്ടമ്മമാർ മുതൽ കുട്ടികൾ വരെ അമിതവണ്ണംമൂലം ബുദ്ധിമുട്ടുന്നുണ്ട്. അവർക്ക് ശരീരത്തിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ഫാസ്റ്റ് ഫുഡ് സമ്പ്രദായം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. കൂടാതെ സൗന്ദര്യമുണ്ടായിട്ടും ആത്മവിശ്വാസമില്ലാത്തവർ ഏറെയുണ്ട്. ആരോഗ്യവും സൗന്ദര്യവും നിലനിർത്തുമ്പോൾ ആത്മവിശ്വാസവും വർദ്ധിക്കുമെന്ന പാഠമാണ് അവർക്ക് നൽകുന്നത്.
ഈയൊരു ചിന്താഗതിയിലേയ്ക്ക് എത്തിയതിനെക്കുറിച്ചും ലെന പറയുന്നു:
ശരീരഭാരം കൂടുന്നു എന്ന തോന്നലിനെ തുടർന്ന് രണ്ടുവർഷം മുൻപ് തടികുറക്കാൻ ആലോചിച്ചിരുന്നു. ആ സമയത്താണ് കൂടെ പഠിച്ച ലൂസിയയെ കണ്ടത്. ഫിസിയോ തെറാപ്പിസ്റ്റായ ലൂസിയയുടെ ഉപദേശം സ്വീകരിച്ച് പതിനഞ്ചു ദിവസംകൊണ്ട് ഏഴു കിലോയോളം ഭാരം കുറച്ചു. ലൂസിയ ദുബായിലുള്ള സുഹൃത്തുമായി ചേർന്ന് ആകൃതി ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ആകൃതിയുടെ ബ്രാന്റ് അംബാസഡറാകാനാണ് ക്ഷണിച്ചതെങ്കിലും ആ സംരംഭത്തോട് താല്പര്യം തോന്നിയതിനാൽ പാർട്ണറാകുകയായിരുന്നു. രണ്ടുവർഷം മുമ്പ് കോഴിക്കോട്ട് ആരംഭിച്ച ആകൃതിക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് കൊച്ചിയിലും തൃശൂരും ശാഖകൾ തുറന്നു. ഒരുമിച്ച് പഠിച്ചവരാണ് എല്ലായിടത്തുമുള്ളത്. അതുകൊണ്ടുതന്നെ കളിക്കൂട്ടുകാരുടെ കൂട്ടായ്മ കൂടിയാണിത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീപുരുഷന്മാരും ആകൃതിയിലെത്തുന്നുണ്ട്. ഫിസിയോ തെറാപ്പി മെഷിനുകളാണ് ഉപയോഗിക്കുന്നത്. മസിൽ സ്റ്റിമുലേഷൻ വഴി കൊഴുപ്പും കുറയ്ക്കുന്നു. ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സാരീതിയാണ് നൽകുന്നത്. അധ്വാനം വേണ്ട. അതെല്ലാം മെഷിനുകൾ ഏറ്റെടുക്കും. നന്നായി വെള്ളം കുടിക്കണം. മരുന്നുകളോ ഇൻജക്ഷനോ ഒന്നുമില്ല. അതുകൊണ്ടുതന്നെ വരുന്നവരെല്ലാം വളരെ സന്തോഷത്തോടെയാണ് മടങ്ങിപ്പോകുന്നത്. എന്നുകരുതി കനത്ത ഫീസും ഞങ്ങൾ വാങ്ങുന്നില്ല. പലതരത്തിലുള്ള പാക്കേജുകളുണ്ട്. ആവശ്യക്കാർക്ക് അവരുടെ ഇഷ്ടമനുസരിച്ചാണ് പാക്കേജ് നിശ്ചയിക്കുന്നത്.
ക്ലിനിക്കൽ സൈക്കോളജി പഠനംകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. കാരണം മനുഷ്യമനസ്സിനെക്കുറിച്ച് അടുത്തറിയാൻ ശ്രമിക്കാറുണ്ട്. എങ്കിലും മനുഷ്യമനസ്സ് വിശാലമായ ഒരു കടലാണ്. എത്ര ശ്രമിച്ചാലും പിടിതരാതെ മാറിക്കളയും. മനസ്സും ശരീരവും ഒന്നാണെന്ന ചിന്തയാണ് ഇത് പഠിപ്പിക്കുന്നത്. മനസ്സിനു വിഷമമുണ്ടാകുമ്പോൾ ശരീരത്തെയും ബാധിക്കുന്നു. സംസാരിക്കുമ്പോൾ ആളുകളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും സാധിക്കും. അതുവഴി അപകടങ്ങളിൽനിന്നും മാറിനിൽക്കാനാവും.
അഭിനയത്തിനു പുറമെ വായനയിലും താല്പര്യമുള്ളയാളാണ് ലെന. കുട്ടിക്കാലത്ത് ഡിറ്റക്റ്റീവ് നോവലുകളോടായിരുന്നു താല്പര്യം. വളർന്നപ്പോൾ ഫിക്ഷനുകളോട് താല്പര്യമില്ലാതായി. ഓഷോയുടെ കൃതികൾ ഇഷ്ടമാണ്. നമുക്കുള്ളിലെ ചിന്തകളെ തിരിച്ചറിയാൻ ഇത് സഹായകമാണ്. അന്വേഷണങ്ങൾക്ക് വ്യക്തത വന്നത് അതിനുശേഷമാണ്. യാത്രാ വിവരണങ്ങളും വായിക്കാറുണ്ട്. കൂടാതെ കരകൗശല വസ്തുക്കളുണ്ടാക്കും. യാത്ര ചെയ്യാനും ഇഷ്ടമാണ്. സുഹൃത്തുക്കളോടൊപ്പം ട്രക്കിങ്ങിനും പോകാറുണ്ട്.
വൈവിധ്യമാർന്ന വേഷങ്ങളാണ് ലെന തിരഞ്ഞെടുക്കാറ്. ആവർത്തന വിരസത ഒഴിവാക്കാനാണിത്. സെലക്റ്റീവായാണ് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്തെങ്കിലും വ്യത്യസ്തത വേണമെന്നു നിർബന്ധമുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ രംഗത്ത് നിലനിന്നുപോരുന്നത്.
അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഇഷ്ടമാണ്. എങ്കിലും എടുത്തുപറയേണ്ട ചില വേഷങ്ങളുണ്ട്. ട്രാഫിക്കിൽ റഹ്മാന്റെ ഭാര്യയായ ശ്രുതി, ലെഫ്റ്റ് ആന്റ് റൈറ്റിൽ മുരളി ഗോപിയുടെ ഭാര്യയായ അനിത, എന്നു നിന്റെ മൊയ്തീനിൽ പൃഥ്വിരാജിന്റെ ഉമ്മയായ പാത്തുമ്മ, ഇയ്യോബിന്റെ പുസ്തകത്തിലെ അമ്മയായ കഴലി, ടു കൺട്രീസിലെ സൂസൻ എന്നിവയെല്ലാം മനസ്സിനിണങ്ങിയ വേഷങ്ങളാണ്.അടുത്ത ചിത്രം വൈശാഖിന്റേതാണ്. തുടർന്ന് സജി സുരേന്ദ്രന്റെ ചിത്രത്തിലും വേഷമിടുന്നുണ്ട്.
ഇനിയും അവതരിപ്പിക്കാൻ ആഗ്രഹമുള്ള ചില വേഷങ്ങളുണ്ട്. മാനസികപ്രശ്‌നമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം. അഭിനയത്തെ ഒരു പാഷനായി കാണാനാണ് ഇഷ്ടം. ഇമേജ് നോക്കിയല്ല അഭിനയിക്കുന്നത്. അഭിനയം ഒരു തൊഴിലായി കണ്ടല്ല സിനിമയിലെത്തിയത്. അഭിനയിച്ചുതുടങ്ങിയപ്പോൾ അതിന്റെ ഭാഗമായി മാറുകയായിരുന്നു. ഇരുപതുവർഷമായി സിനിമയിലെത്തിയിട്ട് എന്നു കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ മാത്രമേ ലെനയെ കാണാനാവൂ. കാരണം വിഷമിച്ചിരിക്കാൻ ഇഷ്ടമല്ല. എന്തു പ്രശ്‌നമുണ്ടായാലും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. കാരണം പ്രശ്‌നങ്ങൾക്ക് കാരണക്കാർ നമ്മൾ തന്നെയാണ്. അത് മനസ്സിലാക്കി മുന്നേറാൻ ശ്രമിക്കും.
സൗഹൃദങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന കൂട്ടത്തിലാണ് ഈ അഭിനേത്രി. സിനിമയിലും പുറത്തുമായി നല്ല സൗഹൃദത്തിന് ഉടമ. സൗഹൃദങ്ങളെ ആഘോഷമായി കാണാനാണ് ഇഷ്ടം.
ഈയിടെ പുറത്തിറങ്ങിയ ആദം ജോണിലെ ഡെയ്‌സി, രാമലീലയിലെ ഓൾഗ ജോൺ, ഒരു വിശേഷപ്പെട്ട ബിരിയാണി കിസയിലെ താര എന്നിവ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. പ്രണവ് മോഹൻലാൽ നായകനാകുന്ന ആദിയിൽ വേഷമിട്ടുവരികയാണിപ്പോൾ. 


 

Latest News