- ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ സ്വീകാര്യത നേടു മ്പോൾ സമ്മിശ്ര പ്രതികരണം.
- ബിറ്റ്‌കോയിൻ വില പതിനായിരം ഡോളർ കടന്നു
പുതിയ ലോകത്തെ ധീരമായ ചുവടുവെയ്‌പോ നീർക്കുമളിയോ എന്നു നിശ്ചയിക്കാനാവാത്ത ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വില 10,000 ഡോളർ ഭേദിച്ചു. ഡിജിറ്റൽ ഗോൾഡ് എന്നു വിശേഷിപ്പിക്കാറുള്ള ബിറ്റ്‌കോയിൻ വാങ്ങിക്കൂട്ടി കാത്തിരിക്കുന്ന നിക്ഷേപകർ വലിയ ആഹ്ലാദത്തിലാണ്. ഏഷ്യയിൽ ഈ വിർച്വൽ കറൻസിയുടെ വില ഇന്നലെ 10,379 ഡോളറാണെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ വർഷം തുടക്കത്തിലുണ്ടായിരുന്ന മൂല്യത്തെ അപേക്ഷിച്ച് പത്തിരട്ടിയാണ് വർധന.
ഏതെങ്കിലും സെൻട്രൽ ബാങ്കിന്റെ പിന്തുണയോ നിയമ വിധേയമായ വിനിമയ മൂല്യമോ ഇല്ലാതിരുന്ന ബിറ്റ്‌കോയിൻ 2009 ൽ പ്രത്യക്ഷപ്പെട്ടപ്പോൾ വില ഏതാനും യു.എസ് സെന്റുകൾ മാത്രമായിരുന്നു. അവിടെനിന്നാണ് നിഗൂഢതകൾ ഇനിയും അകലാത്തതും ജന്മം തന്നെ എവിടെ നിന്നാണെന്ന് അറിയാത്തതുമായ ഈ ക്രിപ്‌റ്റോ കറൻസിയുടെ വളർച്ച.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും മാറ്റി സാങ്കേതിക വിദ്യ ഒരുക്കി പൂർണ സജ്ജമായ ഇന്ത്യയിലും ബിറ്റ്‌കോയിൻ ഇടപാടുകൾ നടക്കുന്നുണ്ട്. ക്രിപ്‌റ്റോ കറൻസി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യ മാത്രമല്ല, മിക്ക രാജ്യങ്ങളും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പക്ഷേ, ബിറ്റ്‌കോയിൻ കൈയിലുള്ളവർ അതു കൈമാറിയും നിധി പോലെ സൂക്ഷിച്ചും മൂല്യം ഉയർത്തിക്കൊണ്ടുവരികയാണ്.
വിനിമയത്തിന് വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രം സ്വീകരിക്കുന്ന ബിറ്റ്‌കോയിൻ പരമ്പരാഗത നിക്ഷേപങ്ങൾക്ക് പകരമായി സ്വീകാര്യത നേടിയതാണ് ഇതിന്റെ പ്രചാരം വർധിപ്പിച്ചതും ഇപ്പോൾ പതിനായിരം ഡോളർ കടന്നിരിക്കുന്നതും.
പുകഴ്ത്തലിനേക്കാളേറെ രോഷം ഏറ്റുവാങ്ങിക്കൊണ്ടാണ് ബിറ്റ്‌കോയിൻ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഓഹരി രംഗത്തെ പ്രമുഖരും സ്ഥാപനങ്ങളും വിവിധ സർക്കാരുകളും തട്ടിപ്പെന്ന് വിശേഷിപ്പിച്ചിട്ടും ബിറ്റ്‌കോയിനിൽ പ്രതീക്ഷയർപ്പിക്കാൻ ആളുകളുണ്ടായി. ചൈനയും ദക്ഷണി കൊറിയയും അടക്കമുള്ള രാജ്യങ്ങൾ ബിറ്റ്‌കോയിന്റെ മൂല്യം ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.
ബിറ്റ്‌കോയിനു വേണ്ടി ഫ്യൂച്ചേഴ്‌സ് മാർക്കറ്റ് ആരംഭിക്കുമെന്ന് കഴിഞ്ഞ മാസം വിനിമയ രംഗത്തെ അതികായരായ സിഎംഇ ഗ്രൂപ്പ് പ്രഖ്യാപിച്ചതോടെയാണ് ഈ കാണാപ്പണത്തിന്റെ വളർച്ച ത്വരിതഗതിയിലായതെന്ന് കരുതുന്നു. ഇതുവരെ പ്രധാന ഓഹരി മാർക്കറ്റുകളിലൊന്നും തന്നെ ഊഹാധിഷ്ഠിതമായ ഈ ഡിജിറ്റൽ കറൻസിയെ ഉൾപ്പെടുത്തയിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബിറ്റ്‌കോയിൻ മൂല്യം 45 ശതമാനമാണ് ഉയർന്നത്. ഈ വർഷം ജനുവരിയിൽ ബിറ്റ്‌കോയിൻ വില 752 ഡോളറായിരുന്നു.
അതേമസമയം, നമ്മുടെ ജീവിത കാലത്തെ ഏറ്റവും വലിയ നീർക്കുമിളയായി ഇത് മാറാൻ പോകുകയാണെന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ക്രിപ്‌റ്റോകറൻസി സമ്മേളനത്തിൽ ഹെഡ്ജ് ഫണ്ട് മാനേജർ മൈക്ക് നോവോഗ്രാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
എന്നാൽ ഹെഡ്ജ് ഫണ്ട്, അസറ്റ് മാനേജേർസ് തുടങ്ങിയ പരമ്പരാഗത നിക്ഷേപകരിൽനിന്ന് പണം ആകർഷിക്കാൻ ഇപ്പോൾ നേടിയിരിക്കുന്ന പ്രചാരത്തിലൂടെ ബിറ്റ്‌കോയിന് സാധിക്കുമെന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്.
തിരിച്ചടികൾ ഉണ്ടാകാമെങ്കിലും അടുത്ത ആറു മാസത്തിനും 18 മാസത്തിനും ഇടയിൽ ബിറ്റ്‌കോയിൻ വില അര ലക്ഷം ഡോളറിനും ഒരു ലക്ഷം ഡോളറിനുമിടയിലെത്തുമെന്നാണ് സിങ്കപ്പൂർ സാക്‌സോ ബാങ്കിലെ മാക്രോ-ക്രിപ്‌റ്റോ രംഗത്തെ പ്രമുഖൻ കയ് വാൻ പീറ്റേഴ്‌സൻ പ്രവചിക്കുന്നത്.
കംപ്യൂട്ടർ നെറ്റ്‌വർക്കുകളിലൂടെയാണ് ബിറ്റ്‌കോയിന്റെ രഹസ്യ വിനിമയം. ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റൽ കറൻസികളും ഇതിനായി ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. യഥാസമയം ഒരു ഓൺലൈൻ ലഡ്ജറിൽ ഇടപാടുകൾ രേഖപ്പെടുത്തപ്പെടുന്നു. കംപ്യൂട്ടറുകളുടെ ഒരു ശൃംഖലയാണ് ഈ ലഡ്ജർ കൈകാര്യം ചെയ്യുന്നത്.
ബിറ്റ്‌കോയിൻ രംഗപ്രവേശം ചെയ്ത ശേഷം നൂറുകണക്കിന് ഡിജിറ്റൽ കറൻസികൾ നിലവിൽ വന്നെങ്കിലും വിവാദങ്ങളിലും പ്രചാരത്തിലും ഇതിനോടൊപ്പം എത്താൻ കഴിഞ്ഞില്ല. ടോക്കിയോവിൽ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് ആയി അറിയപ്പെട്ടിരുന്ന എംട്‌ഗോക്‌സ് 480 ദശലക്ഷം ഡോളറിന്റെ 8,50,000 ബിറ്റ്‌കോയിനുമായി 2014ൽ അപ്രത്യക്ഷമായിരുന്നു. മയക്കുമരുന്നും തോക്കും വാങ്ങാൻ ഉപയോഗിക്കുന്ന അധോലോക സിൽക് റോഡ് വെബ്‌സൈറ്റ് സ്വീകരിക്കുന്നത് ബിറ്റ്‌കോയിനാണ്.
അടിതെറ്റാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ വൻകുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷ പുലർത്തുന്ന നിരീക്ഷകർ ബിറ്റ്‌കോയിന്റെ സി.എം.ഇ എക്‌സ്‌ചേഞ്ചിലെ അരങ്ങേറ്റത്തിലേക്കാണ് ഉറ്റുനോക്കുന്നത്. സി.എം.ഇയിൽ അതിജീവനം സാധ്യമായാൽ പിന്നെ അതു മുന്നോട്ടു കുതിക്കുമെന്ന് ഓസ്ട്രിയ ആസ്ഥാനമായ ആക്‌സി ട്രേഡറിലെ വിദഗ്ധൻ ഗ്രെഗ് മെക്കന്ന പറഞ്ഞു.