ഗുവാഹത്തി- ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് അസമിലെ ബിജെപി മന്ത്രി സും റോംഗ്ഹാങ് കോണ്‍ഗ്രസിലേക്ക് ചേക്കേറി. സും ഇപ്പോള്‍ പ്രതിനിധീകരിക്കുന്ന ദിഫു മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. മലയോര വികസന, ഖനന വകുപ്പു മന്ത്രിയായിരുന്ന സും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
എല്ലാ ജോലികളും അര്‍പ്പണബോധത്തോടെയാണ് ഞാന്‍ നിര്‍വഹിച്ചിട്ടുള്ളത്. എന്നിട്ടും എനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട രീതിയോട് വിയോജിപ്പുണ്ട്. ചില വ്യക്തികളുടെ ഗുഢാലോചനയുടെ ഫലമായാണ് സീറ്റ് നിഷേധിക്കപ്പെട്ടത്- ബിജെപി വിട്ടതിനെ കുറിച്ച് സും പറഞ്ഞു. ബിജെപി പ്രവര്‍ത്തിക്കുന്നത് സുതാര്യമായല്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയില്‍ നിന്നുകൊണ്ട് ഇനി ജനങ്ങളെ സേവിക്കാനാകില്ല എന്ന് തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.