ചെന്നൈ- മുപ്പതു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച ബസ് കണ്ടക്ടര്‍ തമിഴ്നാടിന്റെ ഹൃദയം കവരുന്നു. സ്വന്തം പണം മുടക്കിയാണ് മാരിമുത്തു യോഗനാഥന് ഈ വലിയ സേവനം ചെയ്തത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലാണ് മാരിമുത്തുവിന് ജോലി. അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ മാരിമുത്തു ഉപരാഷ്ട്രപതിയുടെ ഇകോ വാരിയര്‍ പുരസ്കാരത്തിനും അണ്‍സങ് ഹീറോ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.
ഈയിടെ ജെയിന് മഗീത് ട്വിറ്ററില്‍ മാരിമുത്തുവിനെക്കുറിച്ച് പോസ്റ്റിട്ടതോടെയാണ് ഇദ്ദേഹത്തെ കൂടുതലറിഞ്ഞത്. യഥാര്‍ഥ പരിസ്ഥിതി പ്രവര്ത്തകന് എന്ന വിശേഷണത്തോടെയാണ് ചെടിയുമായി നില്ക്കുന്ന മാരിമുത്തുവിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.
ട്വിറ്റര്‍ പോസ്റ്റിനോട് പ്രതികരിച്ചവരില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. എന്റെ ജന്മദിന പ്രചോദനം എന്നായിരുന്നു ചൗഹാന്റെ കമന്റ്. കൂടുതലാളുകള്‍ ട്വീറ്റിനോട് പ്രതികരിച്ച് രംഗത്തുവന്നതോടെ മണിക്കൂറുകള്‍ക്കകം മാരിമുത്തു സോഷ്യല്‍മീഡിയയിലെ വൈറലായി മാറുകയായിരുന്നു.