കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ രൂപം കൊള്ളുകയും അതിവേഗം വളർച്ച പ്രാപിക്കുകയും ചെയ്ത സെഗ്മെന്റാണ് കോംപാക്ട് എസ്‍യുവികളുടേത്. വികസ്വരമായ വിപണികളിൽ, പ്രത്യേകിച്ച് ഇന്ത്യയിൽ ഇത്തരം വാഹനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് നിർമാതാക്കൾ ഈ വഴിക്ക് തിരിഞ്ഞതിന്റെ കാരണങ്ങളിലൊന്ന്. മറ്റൊന്ന് ഉയർന്ന ട്രാഫിക് തിരക്കുകളിൽ ഇത്തരം ചെറുവാഹനങ്ങൾ ഒരു ഉപകാരിയാണെന്നതും. ചെറുകാറിന്റെ ഉപകാരവും എസ്‍യുവിയുടെ കരുത്തുമെല്ലാം ചേർന്നുള്ള ഒരു നഗരവാഹനം.
സ്കോഡ ഈ വിപണിയിലേക്ക് പുതുതായി കൊണ്ടുവരുന്ന വാഹനമാണ് കുഷാഖ്. ഇന്ത്യൻ വിപണിയെയാണ് ഈ കാർ പ്രത്യേകമായി ലക്ഷ്യം വെക്കുന്നത്. ഫോക്സ്‍വാഗന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്ഫോമിലാണ് കുഷാഖും. ഏറെക്കുറെ ഫോക്സ്‍വാഗൺ ടൈഗൂണിന്റെ ശരീരശാസ്ത്രമാണ് ഈ പുതിയ വാഹനത്തിന്.
കഴിഞ്ഞ മാസമാണ് കുഷാഖിന്റെ പുറംകാഴ്ച എങ്ങനെയായിരിക്കുമെന്ന് ചില സൂചനകൾ നൽകി ഡിസൈൻ സ്കെച്ചുകൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ കുഷാഖിന്റെ ഇന്റീരിയർ ഉള്ളറ രഹസ്യങ്ങളും സ്കോഡ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൽ കാണുന്നത് പ്രകാരം ഒരു ഡ്യുവൽ ടോൺ ക്യാബിനാണ് വാഹനത്തിനുള്ളത്. കറുപ്പും വെളുപ്പും കലർന്ന പൊതുവർണപദ്ധതിയിൽ ഓറഞ്ച് നിറത്തിന്റെ സാന്നിധ്യം കൂടി കാണാം. ഇത് വാഹനത്തിന്റെ ഉൾവശത്തെ കുറച്ച് ട്രെൻഡിയും സ്പോർട്ടിയും ആക്കിയിരിക്കുന്നു. വലിപ്പമേറിയ ഒരു ടച്ച്സ്ക്രീൻ വരച്ചു വെച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പിലുണ്ടാകുമോയെന്നത് കാത്തിരുന്ന് അറിയേണ്ടതാണ്. എങ്കിലും ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈ സ്കെച്ച് പ്രൊഡക്ഷൻ സ്പെക്സ് അടങ്ങിയതാണ്.
ഇന്ത്യയിൽ രണ്ട് പെട്രോൾ ഓപ്ഷനുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. 10 ലക്ഷത്തിനും 16 ലക്ഷത്തിനും ഇടയിലായിരിക്കും വിവിധ വേരിയന്റുകളുടെ വിലനിലവാരം. ഈ വർഷം പകുതിയോടെ വാഹനം വിപണിയിലെത്തിയേക്കും.