ന്യൂദല്‍ഹി- കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുന്നു. വിവാദ വിജ്ഞാപനം പിന്‍വലിക്കാന്‍ തീരുമാനമെടുത്ത കാര്യം വനം, പരിസ്ഥിതി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്. ഉത്തരവ് പിന്‍വലിക്കുകയാണെന്നു കാണിച്ചു നിയമമന്ത്രാലയത്തിനു ഫയല്‍ കൈമാറിയതായി അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പശു കശാപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം കന്നുകാലി കര്‍ഷകരില്‍നിന്നും മാംസ വ്യാപാരികളില്‍നിന്നും വ്യാപാകമായ എതിര്‍പ്പാണ് ക്ഷണിച്ചുവരുത്തിയിരുന്നത്. കന്നുകാലി കടത്തെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഗോ സംരക്ഷകരുടെ പേരില്‍ ആക്രമണങ്ങളും അരങ്ങേറി.
സംസ്ഥാനങ്ങളുടെയും കര്‍ഷകരുടെയും മൃഗസംരക്ഷകരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം തീരുമാനം മാറ്റുന്നത്.
കേരളം, ബംഗാള്‍, മേഘാലയ സംസ്ഥാനങ്ങള്‍ നിയമപരമായിത്തന്നെ ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. മേയ് അവസാനത്തില്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. മൃഗങ്ങള്‍ക്കതിരെയുള്ള ക്രൂരത തടയല്‍ നിയമം ഭേദഗതി ചെയ്ത് 2017 മേയ് 23നാണ് വിവാദ ഉത്തരവ് കേന്ദ്രം പുറപ്പെടുവിച്ചത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആയുധമായും ഉത്തരവ് മാറി. ഇതോടെയാണ് ഉത്തരവ് പിന്‍വലിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ ഗോ സംരക്ഷകരുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ വ്യാപിച്ചത് കേന്ദ്രത്തിന് ഏറെ തലവേദനയുണ്ടാക്കിയിരുന്നു. കാര്‍ഷികാവശ്യത്തിന് മാത്രമേ ഇനി കന്നുകാലി ചന്തകള്‍ പ്രവര്‍ത്തിക്കാവൂ എന്ന ഉത്തരവ് പ്രായോഗികമായി നടപ്പാക്കാനാവില്ലെന്നു പറഞ്ഞാണ് കര്‍ഷകര്‍ രംഗത്തുവന്നിരുന്നത്.