ന്യൂദല്‍ഹി- കഴിഞ്ഞ വർഷം മാർച്ച് 31 മുതൽ പൂട്ടിയിട്ട തബ് ലീഗ് കേന്ദ്രമായ നിസാമുദ്ദീൻ മർകസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ മറുപടി നല്‍കാന്‍ കേന്ദ്രത്തിനും ആം ആദ്മി സർക്കാരിനും പോലീസിനും ദല്‍ഹി ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചു. തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് മർകസ് അടച്ചുപൂട്ടിയത്.
10 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് മുക്ത ഗുപ്ത കേസില്‍ മാർച്ച് 24 ന് കൂടുതൽ വാദം കേൾക്കാമെന്നും വ്യക്തമാക്കി.
ദല്‍ഹി വഖഫ് ബോർഡ് സമർപ്പിച്ച ഹരജിയിൽ ഫെബ്രുവരി 24 ന് ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ദല്‍ഹി സർക്കാരിനും ദല്‍ഹി പോലീസിനും നോട്ടീസ് അയച്ചിരുന്നു.
സംസ്ഥാനത്തെയും ദല്‍ഹി പോലീസിനെയും പ്രതിനിധീകരിച്ച് ഹാജരായ ദല്‍ഹി സർക്കാർ സ്റ്റാൻഡിംഗ് കോണ്‍സൽ രാഹുൽ മെഹ്‌റ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.
കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ രജത് നായരും മറുപടി നല്‍കാന്‍ കുറച്ച് കൂടി സമയം ചോദിച്ചു.
വഖ്ഫ് സ്ഥലം മതപരമായ സ്ഥലമായി നിലനിർത്തേണ്ടതുണ്ടെന്നും ഇതിനായി അധികൃതർക്ക് നിർദേശം നല്‍കാന്‍ ബോർഡ് ആവശ്യപ്പെട്ടു.
കോവിഡ് ലോക്ക്ഡൌണിനുശേഷം അൺലോക്ക് -1 മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കണ്ടെയ്നർ സോണിന് പുറത്തുള്ള മതപരമായ സ്ഥലങ്ങൾ തുറക്കാൻ അനുവദിച്ചിട്ടും മസ്ജിദും മദ്രസയും ഹോസ്റ്റലും ഉള്‍ക്കൊള്ളുന്ന മർകസ് തുറക്കാന്‍ അനുവദിച്ചില്ലെന്ന്
വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രമേഷ് ഗുപ്ത ബോധിപ്പിച്ചു.
കെട്ടിടവും പരിസരവും ഏതെങ്കിലും ക്രിമിനൽ അന്വേഷണത്തിന്റെയോ വിചാരണയുടെയോ ഭാഗമാണെങ്കിൽപ്പോലും പൂട്ടിയിടുന്നത് അന്വേഷണ പ്രക്രിയയുടെ പ്രാകൃത രീതിയാണെന്നും അദ്ദേഹം വാദിച്ചു.