ജയ്പൂർ- പ്രണയിച്ച് വിവാഹം ചെയ്ത ദളിത് യുവാവിനൊപ്പം ജീവിക്കുന്നതിന് ഹൈക്കോടതിയുടെ സംരക്ഷണം ലഭിച്ച പെൺകുട്ടിയെ പിതാവ് കൊല ചെയ്തെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ദൌസ ടൌണിലാണ് സംഭവം. കൊല ചെയ്യപ്പെട്ട 18കാരിയുടെ പേര് പിങ്കി എന്നാണെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അനിൽ കുമാർ വ്യക്തമാക്കി. ഫെബ്രുവരി 16ന് പിങ്കിയുടെ വിവാഹം കഴിഞ്ഞിരുന്നു. വീട്ടുകാർ നിശ്ചയിച്ച പ്രകാരമായിരുന്നു ഇത്. ഫെബ്രുവരി 21 പിങ്കി റോഷൻ മഹാവാർ എന്ന 24കാരനൊപ്പം ജീവിക്കാൻ തുടങ്ങി. രാജസ്ഥാൻ ഹൈക്കോടതിയിൽ ഇവർ സംരക്ഷണം ആവശ്യപ്പെട്ട് എത്തുകയും ലോക്കൽ പൊലീസ് വേണ്ടത് ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിങ്കിക്കും ഭർത്താവിനും എവിടെയാണോ പോകേണ്ടത് അവിടെയെത്താൻ പൊലീസ് സംരക്ഷണം വേണമെന്നും ഉത്തരവുണ്ടായി. പിങ്കിയും മഹാവാറും ജയ്പൂരിലേക്കാണ് പൊയത്. മാർച്ച് 1ന് ഇരുവരും റോഷന്റെ വീട്ടിലേക്ക് ചെന്നു. ഇവിടെ നിന്നാണ് പിങ്കിയെ അവളുടെ ബന്ധുക്കൾ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയത്.
പിന്നീട് മൂന്നാംതിയ്യതി പിങ്കിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും താൻ മകളെ കൊല ചെയ്തെന്ന് അറിയിക്കുകയുമായിരുന്നു. കഴുത്ത് ഞെരിച്ചാണ് മകളെ ഇയാൾ കൊന്നതെന്നാണ് പ്രാഥമികനിഗമനം. ശങ്കർ ലാൽ സൈനിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പൊലീസിന്റെ തികഞ്ഞ അനാസ്ഥയാണ് പെൺകുട്ടി കൊല ചെയ്യപ്പെടുന്നതിലേക്ക് എത്തിച്ചതെന്ന് പിങ്കിയുടെയും റോഷന്റെയും അഭിഭാഷകർ പറയുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കാൻ അവർ തയ്യാറായില്ല. മാർച്ച് 1ന് പിങ്കിയെ തട്ടിക്കൊണ്ടു പോയപ്പോൾ തന്നെ റോഷനും കുടുംബവും 11 പേരുടെ പേരുവിവരങ്ങളടക്കം നൽകി പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ എന്തൊക്കെപ്പറഞ്ഞാലും പിങ്കിയെ കൊണ്ടുപോയത് അവരുടെ രക്ഷിതാക്കളാണെന്ന ന്യായം പറയുകയാണ് പൊലീസ് ചെയ്തത്. താൻ അവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും പൊലീസ് കേൾക്കാൻ തയ്യാറായില്ലെന്ന് റോഷൻ പറയുന്നു.
പൊലീസിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. അതെസമയം ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പൊലീസിന് അറിയില്ലായിരുന്നെന്ന വിചിത്രവാദമാണ് പൊലീസ് ഉന്നയിക്കുന്നത്.